സിന്ധു നദീജല കരാർ റദ്ദാക്കിയാൽ ഇന്ത്യയെ ആണവായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാക്കിസ്ഥാൻ റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി ഭീഷണി മുഴക്കി. ഇന്ത്യയെ നേരിടാൻ 130 ആണവായുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഘോരി, ഷഹീൻ, ഗസ്നവി മിസൈലുകളും ആണവ പോർമുനകളും ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സിന്ധു നദീജല കരാർ റദ്ദാക്കി പാക്കിസ്ഥാന്റെ ജലവിതരണം തടയാൻ ഇന്ത്യ ശ്രമിച്ചാൽ യുദ്ധത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവർത്തിച്ചു.
പാക്കിസ്ഥാന്റെ ആണവായുധങ്ങൾ വെറും പ്രദർശന വസ്തുക്കളല്ലെന്നും അവ രാജ്യത്തുടനീളം വിന്യസിച്ചിട്ടുണ്ടെന്നും പ്രകോപനമുണ്ടായാൽ ആക്രമിക്കാൻ രാജ്യം സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘ഇന്ത്യ ഞങ്ങൾക്ക് ജലവിതരണം നിർത്തിയാൽ, അവർ യുദ്ധത്തിന് തയ്യാറാകണം. ഞങ്ങളുടെ സൈനിക ഉപകരണങ്ങളും മിസൈലുകളും വെറും കാഴ്ചയ്ക്കുള്ളതല്ല. ഞങ്ങളുടെ ആണവായുധങ്ങൾ എവിടെ സ്ഥാപിച്ചിരിക്കുന്നു എന്ന് ആർക്കും അറിയില്ല. ഞാൻ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകൾ എല്ലാം നിങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ്,’ എന്നായിരുന്നു മന്ത്രിയുടെ ഭീഷണി.
പാക്കിസ്ഥാനുമായുള്ള ജലവിതരണ, വ്യാപാര ബന്ധങ്ങൾ റദ്ദാക്കാനുള്ള തീരുമാനങ്ങളുടെ പ്രത്യാഘാതങ്ങൾ ഇന്ത്യ ഇതിനോടകം മനസ്സിലാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഹനീഫ് അബ്ബാസി പറഞ്ഞു. പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് ഇന്ത്യൻ വിമാനങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുണ്ടെന്നും വ്യോമനിയന്ത്രണം പത്ത് ദിവസം കൂടി തുടർന്നാൽ ഇന്ത്യയിലെ വിമാനക്കമ്പനികൾ പാപ്പരാകുമെന്നും അദ്ദേഹം പ്രവചിച്ചു.
സ്വന്തം സുരക്ഷാ വീഴ്ചകൾ അംഗീകരിക്കുന്നതിന് പകരം പഹൽഗാം ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാന്റെ മേൽ കെട്ടിവെക്കാനാണ് അബ്ബാസി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെത്തുടർന്ന് പാക്കിസ്ഥാൻ ഇതിനോടകം തന്നെ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറെടുക്കുകയാണെന്നും ഏത് സാമ്പത്തിക നടപടികളെയും നേരിടാൻ രാജ്യം സജ്ജമാണെന്നും അബ്ബാസി കൂട്ടിച്ചേർത്തു.



