ബുല്‍ഡാനയിലെ ഗ്രാമങ്ങളില്‍ മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിഞ്ഞുപോകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. കഴിഞ്ഞ ഡിസംബറിലാണ് 15 ഗ്രാമങ്ങളില്‍ വ്യാപകമായ മുടികൊഴിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോള്‍ നഖങ്ങള്‍ക്ക് നിറംമാറ്റം വന്ന് പിന്നീട് കൊഴിഞ്ഞുപോകുന്ന സാഹചര്യമാണ് കാണുന്നത്. കഴിഞ്ഞ 5 ദിവസത്തിനിടെ ഷെഗാവ് തെഹ്സിലിലെ അഞ്ച് ഗ്രാമങ്ങളിലാണ് ഈ അപൂര്‍വ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രോഗികളുടെ രക്ത സാംപിളുകളും മറ്റ് സാമ്പിളുകളും ശേഖരിച്ചു. 39 പേരുടെ നഖങ്ങള്‍ക്ക് തകരാറ് സ്ഥിരീകരിച്ചു. ഇവരെ പ്രാഥമിക ചികിത്സയ്ക്കായി ഷെഗാവിലെ ആശുപത്രിയിലേക്ക് മാറ്റി. നഖങ്ങള്‍ വെള്ള നിറത്തില്‍ നിന്ന് തവിട്ടുനിറത്തിലേക്ക് മാറി കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് ഈ ഗ്രാമങ്ങളിലുള്ളത്. ഡോക്ടര്‍മാരും ഗവേഷകരും പരിശോധന നടത്തി കൃത്യമായ രോഗകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ രോഗം പടരുന്നതിന്റെ കാരണം വ്യക്തമായി പറയാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

മനുഷ്യ ശരീരത്തില്‍ സെലിനിയത്തിന്റെ അളവ് കൂടുന്നതാണ് മുടികൊഴിച്ചിലിനും നഖം കൊഴിയുന്നതിനും കാരണമാകാന്‍ സാധ്യതയുണ്ടെന്ന് കൂടുതല്‍ പരിശോധനാഫലങ്ങള്‍ വന്നാലേ സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അടമോലെ ഗായക്വാദ് പറഞ്ഞു. ഉയര്‍ന്ന അളവിലുള്ള സെലിനിയത്തിന്റെ സാന്നിധ്യമാണ് മുടികൊഴിച്ചിലിന് കാരണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ വിദഗ്ധ സംഘം നേരത്തെ പറഞ്ഞിരുന്നു. ഖനികളുള്ള വഴിയോരങ്ങളിലെ കിണറുകളിലെ വെള്ളത്തില്‍ നിന്നുള്ള ബുല്‍ഡാനയിലെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം ജലത്തിലെ ഉയര്‍ന്ന അളവിലുള്ള സെലിനിയം അടങ്ങിയ ഘടകമാണെന്നും ഇതാണ് മുടികൊഴിച്ചിലിന് കാരണമെന്നും പത്മശ്രീ അവാര്‍ഡ് ജേതാവ് ഡോ. ഹിമ്മന്തറാവു ഭവാസ്‌കറും കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു.