ബേസിൽ ജോസഫ് നായകനായി വ്യാഴാഴ്ച തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് മരണമാസ്സ്. നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷു ആഘോഷം മുൻനിർത്തിയെത്തുന്ന ചിത്രത്തിന് രണ്ട് രാജ്യങ്ങളിൽ അപ്രതീക്ഷിത വിലക്ക് നേരിട്ടിരിക്കുകയാണ്. സൗദിയിലും കുവൈത്തിലുമാണ് മരണമാസ്സിന് പ്രദർശന വിലക്കുള്ളത്.
ട്രാൻസ്ജെൻഡർ ആയ വ്യക്തി താരനിരയിൽ ഉള്ളതുകൊണ്ടാണ് പ്രദർശനാനുമതി ലഭിക്കാത്തതെന്നാണ് വിവരം. കുവൈത്തിലെ സെൻസർനിയമപ്രകാരം സിനിമയിലെ ആദ്യപകുതിയിലേയും രണ്ടാം പകുതിയിലേയും ചില രംഗങ്ങൾ നീക്കംചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കുവൈത്തിൽ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട് എന്ന തലക്കെട്ടിലാണ് അവർ കുറിപ്പ് പുറത്തിറക്കിയത്. എഡിറ്റ് ചെയ്ത സീനുകളിലെ കല്ലുകടികൾ പൂർണമായ സിനിമാ ആസ്വാദനത്തെ ബാധിക്കില്ലെന്നാണ് കരുതുന്നതെന്നും അവർ അറിയിച്ചു.
അതേസമയം ഈ രംഗങ്ങൾ ഒഴിവാക്കിയാലും സൗദിയിൽ സിനിമ റിലീസ് ചെയ്യാൻപറ്റില്ലെന്നാണ് റിപ്പോർട്ട്.
ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്. ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



