നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് 60-ലധികം ക്രിസ്ത്യാനികളെ ഫുലാനി തീവ്രവാദികൾ കൊലപ്പെടുത്തി. ബൊക്കോസ് കൗണ്ടിയിലെ ഏഴ് ക്രിസ്ത്യൻ സമൂഹങ്ങൾക്കെതിരെയാണ് ഏപ്രിൽ 2, 3 തിയതികളിലായി ആക്രമണങ്ങൾ നടന്നത്. അതിൽ 40-ലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട ഹൂർട്ടി ഗ്രാമവും ഉൾപ്പെടുന്നുവെന്ന് കമ്മ്യൂണിറ്റി നേതാവ് മാരൻ അരഡോംഗ് പറഞ്ഞു. ഈ കൂട്ടകൊലപാതകത്തെ ഗവർണർ ‘വംശഹത്യ’ എന്ന് വിശേഷിപ്പിച്ചതായി വൃത്തങ്ങൾ പറഞ്ഞു.
“ആക്രമണങ്ങളിൽ ആയിരത്തിലധികം ക്രിസ്ത്യാനികൾ കുടിയിറക്കപ്പെട്ടു. 383 വീടുകൾ ഈ കൊള്ളക്കാർ നശിപ്പിച്ചു. ഏപ്രിൽ രണ്ടിന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ഈ ആക്രമണങ്ങൾ ആരംഭിച്ചത്. ആയുധധാരികളായ ഫുലാനി തീവ്രവാദികൾ ഞങ്ങളുടെ കമ്മ്യൂണിറ്റികളെ വൻതോതിൽ ആക്രമിച്ചപ്പോഴാണ്; അവർ മോട്ടോർ സൈക്കിളുകളിൽ വന്ന് ഞങ്ങളെ ആക്രമിച്ചു”- അരഡോംഗ് പറഞ്ഞു.
അക്രമികൾ ഭക്ഷണശാലകൾ നശിപ്പിക്കുകയും മറ്റ് സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ രണ്ടിന് 21 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി ബൊക്കോസ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കൗൺസിൽ (ബി സി ഡി സി) ചെയർമാൻ ഫാർമസം ഫുഡാങ് പറഞ്ഞു. എന്നാൽ അടുത്ത ദിവസത്തോടെ 40 ക്രിസ്ത്യാനികൾ കൂടി കൊല്ലപ്പെട്ടു. രണ്ട് ദിവസത്തെ ആക്രമണത്തിൽ 60-ലധികം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു. റുവി, മംഗൂർ, തമിസോ, ഡാഫോ, മംഗുന, ഹുർട്ടി, തഡായ് എന്നിവിടങ്ങളിലെ ക്രിസ്ത്യൻ സമൂഹങ്ങളെ ലക്ഷ്യമിട്ടുള്ള ഫുലാനി ഭീകരരാണ് ഈ ആക്രമണങ്ങൾ നടത്തിയത്.



