മുനമ്പത്തെ സ്ഥലം വഖഫ് ബോർഡ് വഖഫ് ആക്കിയതിനെ ചോദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ നൽകിയ ഹർജിയിൽ എറണാകുളം വഖഫ് ട്രൈബ്യൂണലിൽ വാദം ആരംഭിച്ചു. 1950 ൽ സിദ്ധീഖ് സേട്ട് ഫാറൂഖ് കോളേജിന് ഭൂമി നൽകിയ സമ്മതപത്രവും അതിലെ വ്യവസ്ഥകളുമാണ് ട്രൈബ്യൂണൽ പ്രധാനമായും പരിശോധിച്ചത്.
ഭൂമി തിരിച്ചെടുക്കാൻ വ്യവസ്ഥയുള്ളതിനാൽ ഇത് വഖഫ് അല്ലെന്നും ദാനമായി നൽകിയതാണെന്നുമായിരുന്നു ഫാറൂഖ് കോളേജിൻ്റെ വാദം. എന്നാൽ, ഈ ആധാര വ്യവസ്ഥകൾ വഖഫ് ആണെന്നും കോളേജ് ഇല്ലാതായാൽ മാത്രമേ ഭൂമി തിരിച്ചെടുക്കുക എന്ന വാദം നിലനിൽക്കൂവെന്നും വഖഫ് ബോർഡ് വാദിച്ചു. കേസിൽ മുനമ്പം നിവാസികൾ ചൊവ്വാഴ്ച എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
ഫാറൂഖ് കോളേജ് മതപരവും ജീവകാരുണ്യപരവുമായ സ്ഥാപനമല്ലെന്നും അതിനാൽ ഭൂമി നൽകിയതിനെ വഖഫായി കണക്കാക്കാനാവില്ലെന്നുമാണ് മുനമ്പം നിവാസികളുടെ വാദം. ഭൂമിയുമായി ബന്ധപ്പെട്ട പറവൂർ കോടതിയുടെ മുൻവിധികൾ ട്രൈബ്യൂണൽ പരിശോധിക്കും.



