അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം രാജ്യത്തെ മത്സ്യ മേഖലയെ പിടിച്ചുലയ്ക്കുന്നതിനാല്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്കായി സമ്മര്‍ദം ഏറുന്നു. കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനായി സമുദ്രോത്പന്ന കയറ്റുമതിക്കാര്‍ ഡല്‍ഹിയില്‍ ചര്‍ച്ച തുടങ്ങി. രാജ്യത്തിന് പ്രതിവര്‍ഷം 60,000 കോടിയോളം രൂപ നേടിത്തരുന്ന മത്സ്യോത്പന്ന കയറ്റുമതി തകര്‍ന്നാലുള്ള ഗുരുതര സാഹചര്യമാണ് കേന്ദ്രത്തെ ബോധ്യപ്പെടുത്തുന്നത്.
34.26 ശതമാനം തീരുവയാണ് ഇന്ത്യയില്‍ നിന്നുള്ള മത്സ്യോത്പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അതോടെ അവിടെ വില കൂടും. ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ കിലോയ്ക്ക് 6-7 ഡോളറിനാണ് ഇപ്പോള്‍ അവിടെ കിട്ടുന്നത്. തീരുവ കൂടുമ്പോള്‍ അത് 8-9 ഡോളര്‍ കടക്കും. ആളുകള്‍ ഉപഭോഗം കുറയ്ക്കുകയോ മറ്റ് മീനുകളിലേക്ക് മാറുകയോ ചെയ്യാം.
ഇതിനിടെ കേരളത്തില്‍ ചെമ്മീന്‍വില കുറഞ്ഞു. പകരച്ചുങ്കം വാര്‍ത്ത വന്നതോടെയാണ് പൊതുവേ കുറഞ്ഞ് നിന്ന വില വീണ്ടും കുറഞ്ഞതെന്ന് ബോട്ടുടമ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു. നാരന്‍ ചെമ്മീന് കിലോയ്ക്ക് 250 രൂപയോളമാണിപ്പോള്‍. ഈ സമയത്ത് 500 രൂപയോളം കിട്ടാറുണ്ട്.



