ലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ല ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ച് കഴിഞ്ഞു. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലായി ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളും അവസാന ഘട്ടത്തിലാണ്. എന്നാൽ, ഡീലർഷിപ്പ് സ്ഥാപിക്കുന്ന നഗരങ്ങൾക്ക് പുറമെയുള്ള സ്ഥലങ്ങളിലുള്ള ഉപയോക്താക്കൾക്ക് ടെസ്ലയുടെ വാഹനങ്ങൾ എങ്ങനെ ലഭ്യമാകുമെന്ന ആശങ്കയ്ക്ക് ശാശ്വത പരിഹാരം ഒരുക്കിയിരിക്കുകയാണ് നിർമാതാക്കൾ.

ഓൺലൈനിലൂടെ ആദ്യം ബുക്കുചെയ്യുന്ന 1000 ഉപയോക്താക്കൾക്ക് വാഹനം വീട്ടിലെത്തിച്ച് നൽകുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. പരമ്പരാഗത ഡീലർഷിപ്പ് സംവിധാനം ഉപേക്ഷിക്കാനും തടസങ്ങളിലാതെയുള്ള വാങ്ങൽ ഉറപ്പാക്കുന്നതിനുമാണ് ഓൺലൈൻ വ്യാപാരം ആരംഭിക്കുന്നതെന്നാണ് വിവരം. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വാഹനം വിൽപ്പന നടപടികളുടെ കാര്യത്തിലും മാറ്റത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തൽ. 

മോഡൽ 3, മോഡൽ വൈ എന്നീ വാഹനങ്ങളായിരിക്കും പ്രാഥമിക ഘട്ടത്തിൽ ടെസ്ല ഇന്ത്യയിൽ എത്തിക്കുക. കമ്പനിയുടെ ബെർലിൻ ഫാക്ടറിയിൽ നിർമിക്കുന്ന വാഹനങ്ങൾ സിബിയു റൂട്ട് വഴിയാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളിൽ ഷോറൂമിനുള്ള ഇടംകണ്ടെത്തിയെങ്കിലും സർവീസ് സെന്ററുകൾ ആരംഭിച്ചിട്ടില്ല. ആഗോള വിപണിയിൽ ടെസ്ല സ്വീകരിച്ചിട്ടുള്ള പ്രീമിയം ടെക്നോളജി, നേരിട്ട് ഉപയോക്താക്കളിലേക്ക് എന്നീ നയങ്ങളായിരിക്കും ഇന്ത്യയിലും പിന്തുടരുക.