യുപിയിൽ നിയമവാഴ്ച തകർന്നുവെന്ന് ചീഫ്‌ ജസ്‌റ്റിസ്‌ സഞ്ജീവ്‌ ഖന്ന. സിവിൽ തർക്കങ്ങളെ ഗുരുതരവകുപ്പുള്ള ക്രിമിനൽ കേസുകളാക്കി മാറ്റുന്നു. ഇത്തരം രീതി തുടർന്നാൽ യുപി സർക്കാരിന്മേൽ പിഴ ചുമത്തേണ്ടി വരുമെന്നും കോടതി. കടം വാങ്ങിയ പണം തിരികെ നൽകാത്ത കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വിമർശനം.ഉത്തര്‍പ്രദേശ് പൊലീസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യുപി പോലീസ് ഡയറക്ടർ ജനറലിനോട് കോടതി നിർദ്ദേശിച്ചു.

കടം വാങ്ങിയ പണം തിരികെ നൽകാത്ത കേസിൽ‌കുറ്റകരമായ വിശ്വാസ വഞ്ചന, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന ഹർജിയിലാണ് സുപ്രീംകോടതിയുടെ വിമർശനം.“യുപിയിൽ എന്താണ് സംഭവിക്കുന്നത്? ദൈനംദിന സിവിൽ കേസുകളെ ക്രിമിനൽ കേസുകളാക്കി മാറ്റുന്നു. അത് ശരിയല്ല! അത് നിയമവാഴ്ചയുടെ പൂർണ്ണമായ തകർച്ചയാണ്!”ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാമെന്ന് ബെഞ്ച് വാക്കാൽ പരാമർശിച്ചിരുന്നു.

നേരത്തെ ബുള്‍ഡോസര്‍ രാജുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. തുടര്‍ച്ചയായ വിമര്‍ശനമാണ് യുപി സര്‍ക്കാരും പൊലീസും സുപ്രീംകോടതിയില്‍ നിന്ന് നേരിടുന്നത്.