ലണ്ടൻ: ഇസ്രായേലിലെത്തിയ രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേൽ കസ്റ്റഡിയിലെടുത്ത് തിരിച്ചയച്ചതായി റിപ്പോർട്ട്. ഇസ്രായേൽ നടപടി അംഗീകരിക്കനാകില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ഭരണകക്ഷിയായ ലേബർ പാർട്ടി എംപിമാരായ യുവാൻ യാങ്, അബ്തിസാം മുഹമ്മദ് എന്നിവരെയാണ് ഇസ്രായേൽ തടഞ്ഞതും തിരിച്ചയച്ചതും. ഇസ്രായേലിലേക്കുള്ള പാർലമെന്ററി പ്രതിനിധി സംഘത്തിലെ രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രായേൽ അധികൃതർ കസ്റ്റഡിയിലെടുക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്ത നടപടി അസ്വീകാര്യവും വിപരീതഫലം ഉളവാക്കുന്നതും ആശങ്കാജനകവുമാണെന്ന് ലാമി പ്രസ്താവനയിൽ പറഞ്ഞു.
ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളെ ഇത്തരത്തിൽ കൈകാര്യം ചെയ്യരുതെന്ന് ഇസ്രായേൽ സർക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എംപിമാർക്കും പിന്തുണ നൽകിയിട്ടുണ്ട്. വെടിനിർത്തലിനും രക്തച്ചൊരിച്ചിൽ തടയുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനുമുള്ള ചർച്ചകളിലുമാണ് യുകെ സർക്കാരിന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി.



