എമ്പുരാൻ സിനിമ മോഹൻലാൽ റിലീസിന് മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകനും നടനുമായ മേജർ രവി. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ഫേസ്ബുക്ക് ലൈവിൽ ആയിരുന്നു മേജർ രവിയുടെ പ്രതികരണം. മോഹൻലാലിന് നല്ല മനോവിഷമമുണ്ട്. താൻ അറിയുന്ന അദ്ദേഹം നിങ്ങളോട് മാപ്പു പറയുമെന്നും മേജർ രവി വ്യക്തമാക്കി.
മോഹൻലാലിനൊപ്പം അഞ്ച് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരുതവണ അദ്ദേഹം കഥ കേട്ട് കഴിഞ്ഞാൽ ഓക്കെ ആണെന്ന ഫീൽ കിട്ടിക്കഴിഞ്ഞാൽ പിന്നീട് അതിൽ ഇടപെടില്ല. കീർത്തിചക്ര പോലും മോഹൻലാൽ കണ്ടിട്ടില്ല. റിലീസിന് മുൻപ് അദ്ദേഹം കീർത്തിചക്ര കണ്ടിട്ടില്ല. അതപോലെ റിലീസിന് മുൻപ് സിനിമ കാണുന്ന സ്വഭാവം മോഹൻലാലിന് ഇല്ല. ഈ സിനിമയ്ക്കും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ദയവ് ചെയ്ത് വിശ്വസിക്കൂ. അദ്ദേഹം സിനിമ കണ്ടിട്ടില്ല. ഞാൻ അറിയുന്ന മോഹൻലാൽ നിങ്ങളോടെല്ലാം മാപ്പ് പറയും. അതെനിക്ക് ഉറപ്പുണ്ട്. കാരണം മോഹൻലാലിന് വളരെയധികം മാനസിക വിഷമമുണ്ട്. പ്രശ്നങ്ങളെല്ലാം കട്ട് ചെയ്യാൻ നേരത്തെ തന്നെ നിർദേശം കൊടുത്തിട്ടുണ്ട്. ഇനിമുതൽ ലാലേട്ടൻ സിനിമകൾ റിലീസിന് മുൻപ് കാണും. കാരണം ഇതൊരു പാഠമായിട്ടുണ്ട്’, മേജർ രവി പറഞ്ഞു.ൃ
എല്ലാവരും പറയുന്നത് മോഹൻലാലിന്റെ ലെഫ്റ്റനന്റ് കേണൽ പദവി എടുത്ത് മാറ്റണമെന്നാണ്. ഇതൊരു വിരോധാഭാസമായിട്ടാണ് എനിക്ക് തോന്നിയത്. ആർമി വേഷത്തിൽ ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചിട്ടില്ലെന്നും അതും ഇതുമായി കൂടികലർത്തരുതെന്നും മേജർ രവി പറഞ്ഞു.
അതേസമയം, വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളവേ പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹൻലാൽ ചിത്രം എമ്പുരാനിൽ മാറ്റങ്ങൾ വരുത്താൻ ധാരണ. നിർമാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുന്നത്. വോളന്ററി മോഡിഫിക്കേഷന് നിർമാതാക്കൾ സെൻസർ ബോർഡിനെ സമീപിക്കുകയായിരുന്നു.ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കും. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. ഗുജറാത്ത് കലാപ ദൃശ്യങ്ങളിലും സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റും. ബജ്രംഗി എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. ദേശീയ അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും മ്യൂട്ട് വരും. തിങ്കളാഴ്ചയോടെയാണ് മാറ്റങ്ങൾ പൂർത്തിയാക്കുക. സെൻസർ ബോർഡിൽ പുതിയ ടീമായിരിക്കും മാറ്റം വരുത്തിയതിനശേഷമുള്ള സിനിമ കാണുക.



