കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാല് മാസത്തിനുശേഷം അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച ജഗ്ജിത് സിങ് ദല്ലേവാളിനെ പ്രകീർത്തിച്ച് സുപ്രീംകോടതി. ‘രാഷ്ട്രീയ അജണ്ടയില്ലാത്ത, കർഷക സമൂഹത്തിന്റെ പ്രശ്നങ്ങൾ ഉന്നയിച്ച യഥാർഥ നേതാവ്’ എന്ന് കോടതി അദ്ദേഹത്തെ വിശേഷിപ്പിച്ചു.
ഖനൗരി, ശംഭു അതിർത്തികളിൽ പ്രതിഷേധിച്ച കർഷകർ പിരിഞ്ഞുപോയെന്നും റോഡുകളും ഹൈവേകളും സാധാരണ നിലയിലായെന്നും പഞ്ചാബ് അഡ്വക്കറ്റ് ജനറൽ ഗുർമീന്ദർ സിങ് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു. പഞ്ചാബ്, ഹരിയാന സർക്കാറുകളോട് നിലവിലെ സാഹചര്യത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. യാത്രക്കാർ അനുഭവിക്കുന്ന ദൈനംദിന ദുരിതമായിരുന്നു ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നതെന്നും ബെഞ്ച് പറഞ്ഞു.