ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: യുക്രെയിനില്‍ സമ്പൂര്‍ണ ആധിപത്യത്തിനാണോ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നത് എന്നാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റിന്റെ വീട്ടുപടിക്കല്‍ കാത്തു കെട്ടി കിടക്കേണ്ട അവസ്ഥയായി യുക്രെയിനെന്നാണ് പൊതുവേ അടക്കം പറച്ചില്‍. റഷ്യയും കൈവും തമ്മിലുള്ള സമാധാന മധ്യസ്ഥത വഹിക്കാനുള്ള വാഷിംഗ്ടണിന്റെ പ്രതീക്ഷകളെ വൈറ്റ് ഹൗസില്‍ നടന്ന തീപാറുന്ന ഏറ്റുമുട്ടലിന് ശേഷം മങ്ങിയ സാഹചര്യമായിരുന്നു.

എന്നാലും ആഴ്ചകള്‍ക്ക് ശേഷം നീണ്ട ഒരു മണിക്കൂര്‍ സംഭാഷണത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയും ഒരുമിച്ച് ഇരുന്നതോടെ പ്രതീക്ഷകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. നിലവിലുള്ള സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിനായി ട്രംപും പുടിനും നടത്തിയ നേരിട്ടുള്ള ചര്‍ച്ചകളുടെ ഒരു പരമ്പരയ്ക്കു ശേഷമാണ് സെലെന്‍സ്‌കിയുമായി ട്രംപ് ചര്‍ച്ച നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

‘വളരെ നല്ലവരും’ ‘പോസിറ്റീവുമായ’ ചര്‍ച്ചയെന്ന് ഇരു നേതാക്കളും സംഭാഷണത്തെ വിശേഷിപ്പിച്ചതും സമാധാന പ്രതീക്ഷകളെ ജ്വലിപ്പിക്കുന്നതായി. ‘അമേരിക്കയുമായി ചേര്‍ന്ന്, പ്രസിഡന്റ് ട്രംപുമായി കൈകോര്‍ത്ത്, അമേരിക്കന്‍ നേതൃത്വത്തിന് കീഴില്‍’ ശാശ്വത സമാധാനം കൈവരിക്കാന്‍ കഴിയുമെന്ന് സെലെന്‍സ്‌കി പറഞ്ഞു. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടികളില്‍ ഒന്ന് ഊര്‍ജ്ജത്തിനും മറ്റ് സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വ്യോമ പ്രതിരോധ വിഭവങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതിനിടയില്‍, യുഎസിന്റെ സൈനിക പിന്തുണയ്ക്ക്, പ്രത്യേകിച്ച് ജാവലിന്‍ മിസൈലുകള്‍ക്ക് സൈന്‍സ്‌കി നന്ദിയും രേഖപ്പെടുത്തി. ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ യുക്രേനിയന്‍ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍, പ്രത്യേകിച്ച് റഷ്യന്‍ നിയന്ത്രണത്തിലുള്ള സപോരിജിയ ആണവ നിലയം, യുഎസ് സ്വന്തമാക്കണമെന്നും ട്രംപ് നിര്‍ദ്ദേശിച്ചു.

‘സ്വയം സംരക്ഷിക്കാനും സുഹൃത്തുക്കളെ സംരക്ഷിക്കാനും കഴിയുന്ന ചരിത്രമുള്ള ഒരു രാജ്യവുമായി സാമ്പത്തിക ബന്ധം പുലര്‍ത്തുന്നത് ഒരുപക്ഷേ ഒരു പരിധിവരെ ഗുണം ചെയ്യു’മെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടാമി ബ്രൂസ് പറഞ്ഞു. നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും പുറത്തിറക്കിയ പ്രസ്താവനയില്‍, പ്ലാന്റുകളുടെ അമേരിക്കന്‍ ഉടമസ്ഥാവകാശം ‘ഏറ്റവും മികച്ച സംരക്ഷണം’ ആയിരിക്കുമെന്ന് ചൂണ്ടിക്കാട്ടി.

യുഎസ്-യുക്രെയ്ന്‍ ധാതു ഇടപാടും ചര്‍ച്ച ചെയ്യപ്പെട്ടു. യുഎസ് ധാതു കരാറിന് ‘അപ്പുറമാണ്’ എന്നും സമാധാന ചര്‍ച്ചകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും അതേസമയം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ‘യുദ്ധസമയത്ത് യുക്രെയ്‌നില്‍ നിന്ന് കാണാതായ കുട്ടികളെക്കുറിച്ചും, തട്ടിക്കൊണ്ടുപോയ കുട്ടികളെക്കുറിച്ചും’ ട്രംപ് സെലെന്‍സ്‌കിയോട് ചോദിച്ചു. ആ കുട്ടികളെ തിരികെ കൊണ്ടുവരുമെന്ന് ഉറപ്പാക്കാന്‍ ഇരുപക്ഷവുമായും പ്രവര്‍ത്തിക്കുമെന്നും ട്രംപ് ഉറപ്പു നല്‍കി.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള തന്റെ കോളിനെക്കുറിച്ച് ട്രംപ് സെലെന്‍സ്‌കിയെ അറിയിച്ചു. അതേസമയം ഇരുവരും ‘ഉയര്‍ന്ന തലത്തില്‍’ ബന്ധം നിലനിര്‍ത്താന്‍ സമ്മതിച്ചു. തന്റെ ട്രൂത്ത് സോഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ ഒരു പോസ്റ്റില്‍, ട്രംപ് കോളിനെ ‘വളരെ നല്ലത്’ എന്ന് വിശേഷിപ്പിച്ചു. ‘റഷ്യയെയും യുക്രെയ്നെയും അവരുടെ അഭ്യര്‍ത്ഥനകളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ യോജിപ്പിക്കുന്നതിനായി പ്രസിഡന്റ് പുടിനുമായി നടത്തിയ കോളിനെ അടിസ്ഥാനമാക്കിയായിരുന്നു ചര്‍ച്ചയുടെ ഭൂരിഭാഗവും,’ എന്നാണ് അദ്ദേഹം കുറിച്ചത്.

ഫോണ്‍ കോള്‍ ‘പോസിറ്റീവ്’, ‘തുറന്നത്’, ‘വളരെ അര്‍ത്ഥവത്തായ’ എന്നിവയായിരുന്നുവെന്ന് സെലെന്‍സ്‌കി പറഞ്ഞു. രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്കും ഭാഗിക വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി യുക്രെയ്നിലെയും അമേരിക്കയിലെയും ഉദ്യോഗസ്ഥര്‍ വരും ദിവസങ്ങളില്‍ സൗദി അറേബ്യയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് സെലെന്‍സ്‌കി പറഞ്ഞതും പ്രതീക്ഷ നല്‍കുന്നതാണ്.