ബെംഗളൂരു: കർണാടകയിലെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ പോരിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ തന്റെ ചേംബറിൽ അനധികൃതമായി കൊണ്ടുവെച്ചതായി മേൽ ഉദ്യോഗസ്ഥയ്ക്കെതിരെ ആരോപണം ഉന്നയിച്ച ഡി.ഐ.ജി. വർതിക കടിയാറിന് സ്ഥാനചലനം. തന്റെ മേലുദ്യോഗസ്ഥയായ ഐ.ജി. ഡി. രൂപയ്ക്കെതിരെയായിരുന്നു വർതിക ആരോപണം ഉന്നയിച്ചത്. കർണാടകയിലെ കുപ്രസിദ്ധമായ ഐ.എ.എസ്- ഐ.പി.എസ്. പോരിൽ, രോഹിണി സിന്ദൂരിക്കെതിരെ ആരോപണം ഉന്നയിച്ച പോലീസ് ഉദ്യോഗസ്ഥയാണ് ഡി. രൂപ.

ഹോം ഗാർഡ് ഡി.ഐ.ജിയായും അഡീഷണൽ കമാൻഡൻഡ് ജനറലായുമാണ് വർതിക കടിയാറിന് മാറ്റം. സിവിൽ ഡിഫൻസ് എക്സ് ഓഫീഷ്യോ അഡീഷണൽ ഡയറക്ടറായും ചുമതലയുണ്ട്. ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ ഡി.ഐ.ജി. ചുമതലയിൽനിന്നാണ് മാറ്റം. ഫെബ്രുവരിന് 20-നായിരുന്നു രൂപയ്ക്കെതിരായി കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനും ഡി.ജി.പി. അലോക് മോഹനും വർതിക പരാതി നൽകിയത്.

2024 സെപ്റ്റംബർ ആറിനാണ് പരാതിക്ക് ആധാരമായ സംഭവമെന്നാണ് പരാതിയിൽ പറയുന്നത്. ഹെഡ് കോൺസ്റ്റബിൾ മഞ്ജുനാഥ് ടി.എസ്, ഹോം ഗാർഡ് മല്ലികാർജുൻ എന്നിവർ തന്റെ ചേംബറിൽ കടന്നുകയറി ചില ഫയലുകൾ സ്ഥാപിച്ചുവെന്നും അതിന്റെ ഫോട്ടോ എടുത്തുവെന്നുമാണ് പരാതി. ഇത് രൂപയുടെ നിർദേശത്തെ തുടർന്നാണെന്നും പരാതിയിൽ പറയുന്നു. ചിത്രങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ചു. കൺട്രോൾ റൂമിൽ താനില്ലാത്തപ്പോഴാണ് മഞ്ജുനാഥും മല്ലികാർജുനും താക്കോൽ കൈക്കലാക്കി തന്റെ ചേംബറിൽ കടന്നുകയറിയതെന്നും വർതികയുടെ പരാതിയിൽ പറയുന്നു. തനിക്കെതിരെ മോശം പ്രകടനത്തിനുള്ള റിപ്പോർട്ട് നൽകുമെന്ന് രൂപ ഭീഷണിപ്പെടുത്തിയതായും വർതിക ആരോപിക്കുന്നു.

2010 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് വർതിക. 2000 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ രൂപ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം കാത്തിരിക്കുകയാണ്. രോഹിണിയുമായുള്ള തർക്കത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രൂപയ്ക്കെതിരെ വീണ്ടും ആരോപണം.