ഉക്രെയ്‌നുമായുള്ള  സമാധാന കരാറിൽ ബ്രിട്ടനും ഫ്രാൻസും പ്രവർത്തിക്കുമെന്നും അത് യുഎസ് പ്രസിഡന്റ്  ട്രംപിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വീണ്ടും ഉക്രെയ്‌നിനെ ആക്രമിക്കുന്നത് തടയാൻ ഏതൊരു വെടിനിർത്തലിനും അമേരിക്ക പിന്തുണ നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കുറച്ചുകൂടി മുന്നോട്ട് ചായ്‌വുള്ളവരായിരിക്കാൻ തയ്യാറായ യൂറോപ്പിലെ രാജ്യങ്ങളെ നാം കണ്ടെത്തേണ്ടതുണ്ട്,” അദ്ദേഹം ബിബിസി ടെലിവിഷനോട് പറഞ്ഞു. “ഇതിനെക്കുറിച്ച് ചിന്തിക്കുന്നതിൽ യുകെയും ഫ്രാൻസും ഏറ്റവും മുന്നേറിയവരാണ്, അതുകൊണ്ടാണ് പ്രസിഡന്റ് മാക്രോണും ഞാനും ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നത്, അത് ഞങ്ങൾ പിന്നീട് യുഎസുമായി ചർച്ച ചെയ്യും.” അദ്ദേഹം കൂട്ടിച്ചേർത്തു.

സെലൻസ്കിയെ അപമാനിച്ച ഡൊണാൾഡ് ട്രംപിന്‍റെ നടപടിയിൽ ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത അമർഷമുണ്ട്. ഈ സംഭവത്തിന് ശേഷം അമേരിക്കക്കാർക്കിടയിലും സ്വന്തം രാജ്യത്തും യൂറോപ്പിലും സെലൻസ്കിക്കുള്ള പിന്തുണ വർധിച്ചിരുന്നു.

അപൂർവ ധാതുക്കരാറിൽ ഒപ്പുവെയ്ക്കാൻ യുഎസിലെത്തിയ ഉക്രൈൻ പ്രസിഡന്റ്‌ വ്ളാദിമിർ സെലന്‍സ്‌കിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ചയാണ് വാക്കുതര്‍ക്കത്തില്‍ കലാശിച്ചത്. തുടര്‍ന്ന്‌ കരാറിൽ ഒപ്പുവെക്കാതെ സെലന്‍സ്‌കി വൈറ്റ്‌ഹൗസിൽ നിന്ന്‌ മടങ്ങിയിരുന്നു.