വാഷിങ്ടൺ: ഇംഗ്ലീഷിനെ യു.എസ്സിന്റെ ഔദ്യോഗിക ഭാഷയാക്കാനുള്ള നീക്കവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനായുള്ള എക്സിക്യുട്ടീവ് ഉത്തരവിൽ ട്രംപ് വെള്ളിയാഴ്ച രാത്രിയോടെ ഒപ്പുവെച്ചേക്കുമെന്ന് വൈറ്റ്ഹൗസ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു. സർക്കാരും സർക്കാർ ഫണ്ട് ലഭിക്കുന്ന ഏജൻസികളും ഇംഗ്ലീഷ് സംസാരിക്കാത്തവർക്ക് ഭാഷാസഹായം ലഭ്യമാക്കണമെന്ന മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ ഇറക്കിയ ഉത്തരവ് റദ്ദാക്കുന്നതാകും ട്രംപിന്റെ ഉത്തരവ് എന്നാണ് റിപ്പോർട്ട്. 

ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കുന്നതിലൂടെ രാജ്യത്തെ ഐക്യം ഊട്ടിയുറപ്പാക്കാനും സർക്കാരിന്റെ പ്രവർത്തനങ്ങളെ കാര്യക്ഷമമാക്കാനും സാധിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. നിലവിൽ യു.എസ്സിലെ 50 സംസ്ഥാനങ്ങളിൽ 30-ലേറെ സംസ്ഥാനങ്ങളും ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയവയാണെന്നാണ് ഇംഗ്ലീഷിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെടുന്ന സംഘമായ യു.എസ്. ഇംഗ്ലീഷ് പറയുന്നത്. പതിറ്റാണ്ടുകളായി യു.എസ്. കോൺഗ്രസിലെ അംഗങ്ങൾ ഇംഗ്ലീഷ് ഔദ്യോഗികഭാഷയാക്കാനായുള്ള നിയമനിർമ്മാണത്തിനായി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. 

ഡൊണാൾഡ് ട്രംപ് യു.എസ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകൾക്കകം വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ സ്പാനിഷ് ഭാഷയിലുള്ള പതിപ്പ് നീക്കം ചെയ്തിരുന്നു. സ്പാനിഷ് സംഘടനകൾ ഉൾപ്പെടെയുള്ളവർ അന്ന് ഇതിൽ ആശങ്ക പ്രകടിപ്പിച്ചു. വെബ്സൈറ്റിന്റെ സ്പാനിഷ് പതിപ്പ് ഉടൻ പുനഃസ്ഥാപിക്കുമെന്ന് അന്ന് വൈറ്റ്ഹൗസ് ഉറപ്പുനൽകിയെങ്കിലും അത് ഇതുവരെ നടപ്പായിട്ടില്ല. നേരത്തേ ആദ്യതവണ പ്രസിഡന്റായപ്പോഴും ട്രംപ് വൈറ്റ്ഹൗസ് വെബ്സൈറ്റിന്റെ സ്പാനിഷ് പതിപ്പ് നീക്കം ചെയ്തിരുന്നു. പിന്നീട് വന്ന ബൈഡൻ ഭരണകൂടമാണ് ഇത് പുനഃസ്ഥാപിച്ചത്.