ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യക്ക് മൂന്നാം ജയം. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിനെ സ്പിന്നര്‍മാരുടെ മികവില്‍ 45.3 ഓവറില്‍ 205 റണ്‍സിന് കറക്കി വീഴ്ത്തിയാണ് ഇന്ത്യ ഗ്രൂപ്പിലെ ഒന്നാമന്‍മാരായി സെമിയിലേക്ക് മുന്നേറിയത്. ഇതോടെ സെമിയില്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയ ആകും ഇന്ത്യയുടെ എതിരാളികള്‍. ചൊവ്വാഴ്ച ദുബായിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ സെമി.
രണ്ടാം സെമിയില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസിനായി കെയ്ന്‍ വില്യംസണ്‍(81) മാത്രമാണ് പൊരുതിയത്. സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചില്‍ വരുണ്‍ ചക്രവര്‍ത്തി 42 റണ്‍സ് വഴങ്ങി അഞ്ചും കുല്‍ദീപ് രണ്ടും ജഡേജയും അക്സറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 249-9, ന്യൂസിലന്‍ഡ് 45.3 ഓവറില്‍ 205ന് ഓള്‍ ഔട്ട്.



