കോഴിക്കോട്: മകനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയത് കൂട്ടുകാരനാണെന്നും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ക്രൂരമായി മര്‍ദിച്ചുവെന്നും താമരശ്ശേരി സംഘർഷത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ പിതാവ്. മര്‍ദനമേറ്റ് തിരിച്ചെത്തിയ മകൻ വീട്ടിലെത്തി ഛർദ്ദിച്ചെന്നും മർ‌ദ്ദിച്ചവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരണമെന്നും ​ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷഹബാസിന്‍റെ പിതാവ് പറഞ്ഞു.

മകനെ ഈ അവസ്ഥയിലാക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. മകനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടന്നത്.മുതിർന്നവർ മർദിക്കാതെ ഇങ്ങനെ പരിക്കേൽക്കില്ല. വലിയ ആളുകൾ മർദിച്ചെന്നാണ് മനസിലാക്കുന്നത്. അവനെ തല്ലിച്ചതയ്ക്കുകയായിരുന്നു.  മാരകമായ പരിക്കാണ് മകനുണ്ടായത്. മുമ്പ് ഒരു സംഘർഷത്തിലും ഉൾപ്പെടാത്ത കുട്ടി ആണ് മകൻ. കേസ് സ്വാധീനം ചെലുത്തി ഇല്ലാതാക്കരുത്.

വൈകിട്ട് നാലര മണിക്കാണ് അടുത്ത കൂട്ടുകാരിൽ ഒരാൾ മകനെ വിളച്ചിറക്കി കൊണ്ടുപോയത്. രാത്രി ഏഴുമണിക്കാണ് വീട്ടിൽ തിരിച്ചെത്തിയത്. ഒന്നും സംസാരിക്കാതെ മുറിയിൽ പോയി കിടക്കുകയായിരുന്നു. പിന്നീട് ഛർദ്ദിയും മറ്റും വന്നപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്.