പൂനെ ബലാത്സംഗ കേസിൽ പ്രതി അറസ്റ്റിൽ. 37 കാരനായ പ്രതി ദത്താത്രേയ രാംദാസ് ഗഡെയെ പൂനെയിലെ ഷിരൂരിൽ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. വ്യാഴാഴ്ച രാത്രി 1.30 ഓടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് പൂനെ കോടതിയിൽ ഹാജരാക്കും. 13 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഒളിവിൽ കഴിയുന്ന പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട അന്വേഷണ സംഘം, ഇയാളെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

പ്രതിയായ ഗാഡെയ്‌ക്കെതിരെ ഇതിനകം അര ഡസനോളം മോഷണം, കവർച്ച, മാല പിടിച്ചുപറി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 മുതൽ ഒരു ക്രിമിനൽ കേസിൽ ജാമ്യത്തിലായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ട് ദിവസമായി പ്രതി ഒളിവിലായിരുന്നു

പോലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ മാത്രം അകലെയുള്ള പൂണെയിലെ സ്വർ​ഗേറ്റ് ബസ് സ്റ്റാൻഡിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു യുവതിക്കെതിരേ അതിക്രമം നടന്നത്. നിർത്തിയിട്ടിരുന്ന ബസ് സർവീസ് നടത്തുന്നതാണെന്ന് തെറ്റിധരിപ്പിച്ച് വാഹനത്തിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സ്വന്തം ഗ്രാമമായ സത്താറ ജില്ലയിലെ ഫാൽടണിലേക്ക് പോകുന്നതിനായാണ് 26കാരിയായ യുവതി ബസ് സ്റ്റാൻഡിലെത്തിയത്.