നാറ്റോ സൈനിക സഖ്യത്തിൽ ചേരാനുള്ള ആഗ്രഹം ഉക്രെയ്ൻ മറക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വെള്ളിയാഴ്ച യുഎസ് സന്ദർശിക്കാനിരിക്കെയാണ് ഡൊണാൾഡ് ട്രംപ് പ്രസ്താവന നടത്തിയത്. ഉക്രെയ്ൻ നാറ്റോയിൽ ചേരാൻ ശ്രമിച്ചതിന് ശേഷമാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നും അതിനാൽ ഉക്രെയ്ൻ നാറ്റോ അംഗത്വത്തെക്കുറിച്ച് മറക്കണമെന്നും ട്രംപ് പറഞ്ഞു.
റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്താൻ എത്രയും വേഗം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നേരിട്ട് സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു.യുദ്ധം അവസാനിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും എന്തൊക്കെ വിട്ടുവീഴ്ചകൾ ചെയ്യാൻ ആവശ്യപ്പെടുമെന്ന് വിശദീകരിക്കാൻ ട്രംപ് തയാറായില്ല. മറുവശത്ത്, ഉക്രെയ്നിനെ നാറ്റോയിൽ ചേരാൻ അനുവദിച്ചാൽ പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കാൻ തയ്യാറാണെന്ന് സെലെൻസ്‌കി പറഞ്ഞിട്ടുണ്ട്.
1949-ൽ 12 രാജ്യങ്ങൾ ചേർന്നാണ് നാറ്റോ അഥവാ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ രൂപീകരിച്ചത്. നാറ്റോയിലെ യഥാർത്ഥ അംഗങ്ങൾ: ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫ്രാൻസ്, ഐസ്‌ലാൻഡ്, ഇറ്റലി, ലക്സംബർഗ്, നെതർലാൻഡ്‌സ്, നോർവേ, പോർച്ചുഗൽ, യുകെ, യുഎസ്. ആണ്.



