അഫാൻ സംഭവദിവസം രണ്ട് തവണ ഓട്ടം വിളിച്ചിരുന്നുവെന്ന് ഓട്ടോറിക്ഷാ ഡ്രൈവർ. വൈകുന്നേരം മൂന്ന് മണിക്ക് പ്രതി അനുജനുമായി പേരുമല ജങ്ഷനിലെത്തി ആദ്യം ഓട്ടം വിളിച്ചു. അനുജനെ മന്തി വാങ്ങാനായി വെഞ്ഞാറമ്മൂടിന് ഓട്ടോറിക്ഷയിൽ കയറ്റിവിട്ടു. പിന്നീട് ബൈക്ക് കേടായെന്ന് പറഞ്ഞ് വൈകുന്നേരം ആറ് മണിക്ക് ഓട്ടം വിളിച്ചു. ഈ ഓട്ടോയിവൽ പോലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കീഴടങ്ങിയത്. ഓട്ടോയിൽ കയറുമ്പോൾ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നുവെന്നും മദ്യത്തിന്റെ ചെറിയ മണമുണ്ടായിരുന്നുവെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.

ഓട്ടോഡ്രൈവറുടെ വാക്കുകൾ;ആറ് മണി കഴിഞ്ഞു കാണും. ഒരു കോൾ വന്നു. ചേട്ടാ ഓട്ടം പോണം വീടിന് അടുത്തേക്ക് വരുമോ എന്ന് ചോദിച്ചു. ഞാൻ ചെല്ലുമ്പോൾ പുള്ളി താഴെ വഴിയിൽ നിൽക്കുകയാണ്. അവിടെ നിന്ന് വണ്ടിയിൽ കയറ്റി. ബൈക്ക് കേടായി സ്റ്റാർട്ടാകുന്നില്ല എന്നാണ് ചോദിച്ചപ്പോൾ പറഞ്ഞത്. വണ്ടി പുതിയതല്ലേ, സാധാരണ വർക്ക് ഷോപ്പിൽ കാണിച്ചാൽ വാറണ്ടി കിട്ടുമോ എന്ന് ചോദിച്ചു. അത്യാവശ്യമാണ് ഇന്ന് തന്നെ നന്നാക്കണമെന്ന് പറഞ്ഞു. അവിടെ എത്തിയപ്പോൾ പോലീസ് സ്റ്റേഷന് അടുത്ത് ആക്കിത്തരുമോ എന്ന് ചോദിച്ചു. 

അവിടെ ഇറക്കി വണ്ടിക്കൂലിയും വാങ്ങി തിരിച്ച് എത്തുമ്പോഴാണ് സ്റ്റേഷനിൽനിന്ന് വിളിക്കുന്നത്. അർഫാൻ വിളിച്ച അതേ നമ്പറിൽനിന്നാണ് സ്റ്റേഷനിൽനിന്ന് വിളിച്ചത്. ആളെ അറിയുമോ എന്ന് ചോദിച്ചു. അഫാൻ എന്നാണ് പേരെന്ന് ഞാൻ പറഞ്ഞു. ഇതാരുടെ നമ്പരാണെന്ന് ചോദിച്ചു. ഉമ്മയുടെ നമ്പറാണെന്ന് ഞാൻ പറഞ്ഞു. ഇവന് വല്ല മാനസിക പ്രശ്നമുണ്ടോ എന്ന് അവർ ചോദിച്ചു. അങ്ങനെ ഒന്നുമില്ലെന്ന് ഞാൻ പറഞ്ഞു. മദ്യപിക്കുമോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞു.

ഇവൻ ഇവിടെ വന്ന് പിച്ചുംപേയും പറയുന്നു എന്നാണ് സ്റ്റേഷനിൽനിന്ന് പറഞ്ഞത്. ഉമ്മായ്ക്ക് വിഷം കൊടുത്തു, സഹോദരന് വിഷം കൊടുത്തു. അവനും കഴിച്ചു എന്ന് പറയുന്നു എന്ന് പറഞ്ഞു. അവൻ വെറുതേ പറയുന്നതാകുമെന്ന് ഞാൻ പറഞ്ഞു. അവന്റെ ഉമ്മായുടെ കൈയിൽ ഫോൺ കൊടുക്കാം എന്നും ഞാൻ പറഞ്ഞു. വണ്ടി സ്റ്റാർട്ടാക്കി. സാറിനോട് ഫോൺ കട്ടാക്കണ്ട, ഉമ്മയുടെ കൈയിൽ കൊടുക്കാം എന്ന് പറഞ്ഞു. അവന്റെ വീട്ടിൽ ചെല്ലുമ്പോൾ അവിടെ രണ്ട് പോലീസുകാർ ഉണ്ടായിരുന്നു. എന്തിനാണ് വന്നതെന്ന് അവർ ചോദിച്ചു. സ്റ്റേഷനിൽനിന്നാണ് ഫോണിൽ വിളിച്ചതെന്ന് പറഞ്ഞു. അവർ ഫോൺവാങ്ങി സംസാരിച്ചു. അതിന് ശേഷമാണ് വീട് കുത്തിത്തുറന്ന് നോക്കുന്നത്.

ഇതിന് മുമ്പ് മൂന്ന് മണി സമയത്ത് ഇവനും അനിയനുംകൂടി വന്നു വെഞ്ഞാറമ്മൂട് ഓട്ടം വിളിച്ചിരുന്നു. അനിയനെ വെഞ്ഞാറമ്മൂട് മന്തിക്കടയിലാക്കിയിരുന്നു. ഇവൻ എവിടെ പോയി എന്ന്അറിയില്ല. അവൻ അങ്ങനെ സംസാരിക്കുന്ന പതിവില്ല. കണ്ടാൽ ചിരിക്കുക മാത്രമാണ് ചെയ്യുക. ഇടയ്ക്ക് ഞാൻ സ്കൂളിൽ കൊണ്ടാക്കാറുണ്ട്. രണ്ടാമത് ഇവൻ ഓട്ടോയിൽ കയറുമ്പോൾ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു. മദ്യത്തിന്റെ ചെറിയ മണമുണ്ടായിരുന്നു.