വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻസംഘം പുതിയ അഞ്ചു പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചു. വത്തിക്കാൻ സംസ്ഥാന കാര്യാലയത്തിന്റെ കാര്യദർശി കർദിനാൾ പീയെത്രോ പരോളിനെയും പൊതുകാര്യ വിഭാഗത്തിന്റെ നിയുക്താധികാരിയായ ആർച്ചുബിഷപ്പ് എദ്ഗാർ പേഞ്ഞ പാറയെയും റോമിലെ ജെമേല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് പാപ്പ അധികാരപ്പെടുത്തിയതനുസരിച്ചാണ് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘം ഈ പ്രഖ്യാപനങ്ങൾ പുറപ്പെടുവിച്ചത്.

വെനെസ്വേല സ്വദേശിയായ വാഴ്ത്തപ്പെട്ട ഹൊസേ ഗ്രിഗോറിയൊ ഹെർണാണ്ടസ് സിസ്നേരൊസ്, ഇറ്റലിക്കാരനായ വാഴ്ത്തപ്പെട്ട ബർത്തോളെ ലോംഗൊ എന്നിവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനുള്ള വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിലെ അംഗങ്ങളായ കർദിനാളന്മാരുടെയും മെത്രാന്മാരുടെയും തീരുമാനം പാപ്പ അംഗീകരിച്ചു. ഒപ്പം അടുത്ത വിശുദ്ധപദ പ്രഖ്യാപനങ്ങളെ സംബന്ധിച്ച കൺസിസ്റ്ററി വിളിച്ചുകൂട്ടുന്നതിന് തീരുമാനിക്കുകയും ചെയ്തു.

ഉത്തര കൊറിയയിലെ പ്യോക്തോണ തടവറയിൽ കഴിയവെ 1951 മെയ് 23 ന് മരണമടഞ്ഞ ഫാ. എമിൽ ജോസഫ് കപൗന്റെ രക്തസാക്ഷിത്വത്തിന് അംഗീകാരം നൽകി. അമേരിക്കൻ ഐക്യനാടുകളിലെ കൻസാസിൽ 1916 ഏപ്രിൽ 20 നു ജനിച്ച വ്യക്തിയാണ് ഫാ. എമിൽ.

22 പേരുടെ ജീവൻ രക്ഷിക്കുന്നതിനായി തന്റെ ജീവൻ പണയപ്പെടുത്തേണ്ടിവന്ന ഇറ്റലിക്കാരനായിരുന്ന 23 വയസ്സുള്ള അല്മായ വിശ്വാസി ദൈവദാസൻ സാൽവൊ ദ അക്വീസ്തൊയുടെ രക്തസാക്ഷിത്വവും ഔദ്യോഗികമായി അംഗീകരിച്ചു. ഇറ്റലിയിലെ നാപ്പൊളിയിൽ 1920 ഒക്ടോബർ 15 നു ജനിച്ച ദൈവദാസൻ സാൽവൊ ദ അക്വീസ്തൊ 1943 സെപ്റ്റംബർ 23 നാണ് വധിക്കപ്പെടുമായിരുന്ന 22 പേർക്കുപകരം കുറ്റമേറ്റെടുക്കുകയുംപിന്നീട് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇറ്റലിയിലെ സായുധ സൈനിക പൊലീസായ കരബിനിയേരിയിൽ അംഗമായിരുന്നു ദൈവദാസനായ സാൽവൊ ദ അക്വീസ്തൊ.

സ്പെയിനിലെ ദിവ്യകാരുണ്യാരാധന സന്യാസിനികളുടെ സമൂഹത്തിന്റെ സ്ഥാപകനായ രൂപതാ വൈദികൻ ഫാ. മിഖേലെ മൗറ മൊന്താനെർ, ജപമാലയുടെ വിശുദ്ധ മറിയത്തിന്റെ ഡൊമിനിക്കൻ സഹോദരകൾ എന്ന സന്യാസിനീ സമൂഹത്തിന്റെ ഇറ്റലി സ്വദേശിയായ സ്ഥാപകൻ രൂപതാ വൈദികനായ ഫാ. ദിദാക്കൊ ബേസ്സി, പോളണ്ട് സ്വദേശിനിയായ അത്മായ വിശ്വാസി കുനെഗുന്താ സ്വിയെഷ്ത്സ് എന്നിവറീ ദൈവദാസ പദവിയിലേക്ക് ഉയർത്തുന്നതിനും അംഗീകാരം ലഭിച്ചു.