വരുന്ന ഏപ്രിൽ ഒന്നാം തീയതി മുതൽ 30 ശതമാനം റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബോട്ടിലുകൾ നിർബന്ധമാക്കിയ കേന്ദ്രസർക്കാറിന്റെ ഉത്തരവിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി വൻകിട പാനീയ കമ്പനികൾ. കൊക്കക്കോള, പെപ്സി,  എന്നിവ ഉൾപ്പെടെയുള്ള പാനീയ നിർമ്മാതാക്കളാണ് സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

റീസൈക്കിൾ ചെയ്ത ബോട്ടിലുകളുടെ ലഭ്യത സംബന്ധിച്ചുള്ള ആശങ്കകളാണ് കോടതി കയറാൻ കമ്പനികളെ പ്രേരിപ്പിച്ചത്. ഉൽപ്പന്നങ്ങൾക്ക് ഉയർന്ന ഡിമാൻഡ് നിൽക്കുന്ന  വേനൽക്കാലത്ത് ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത് വില്പനയെ ബാധിക്കും എന്ന ആശങ്കയാണ് കമ്പനികൾക്കുള്ളത്.

 പെറ്റ് ബോട്ടിലുകൾക്ക് പകരം 30% റീസൈക്കിൾഡ് പെറ്റ് ബോട്ടിലുകൾ ഉപയോഗിക്കണം എന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്.പരിസ്ഥിതി വനം കാലാവസ്ഥ വ്യതിയാന മന്ത്രാലയം ഇന്ത്യയുടെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമങ്ങളുടെ ഭാഗമായി രണ്ടുവർഷം മുമ്പാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. പലതവണ സമയപരിധി നീട്ടിയിട്ടും കമ്പനികൾ ഇത് പാലിക്കാൻ തയ്യാറായിരുന്നില്ല.