ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ മഹാശിവരാത്രി ഉത്സവത്തിന് പതാകകളും ഉച്ചഭാഷിണികളും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഹിന്ദുസ്ഥാന്‍ ചൗക്കില്‍ നടന്ന സംഭവത്തില്‍ ഇരുവശത്തുമുള്ളവര്‍ കല്ലെറിയുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിട്ടതോടെ സംഭവം അക്രമാസക്തമായി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ഹസാരിബാഗ് സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസ് സ്ഥലത്തെത്തി ലാത്തിച്ചാര്‍ജ് നടത്തിയതോടെയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായത്. ക്രമസമാധാനപാലനത്തിനായി വന്‍ പോലീസ് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

സംഭവത്തെ അപലപിച്ച കേന്ദ്രമന്ത്രിയും റാഞ്ചിയില്‍ നിന്നുള്ള ബിജെപി എംപിയുമായ സഞ്ജയ് സേത്ത്, ജാര്‍ഖണ്ഡില്‍ സരസ്വതി പൂജ, രാമനവമി, ഹോളി എന്നിവയ്ക്കിടെ അക്രമം പതിവായതായി പറഞ്ഞു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.