പാകിസ്ഥാൻ്റെ എഫ്-16 വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് 397 മില്യൺ യുഎസ് ഡോളർ അനുവദിച്ചതായി റിപ്പോർട്ട് വന്നതിനുപിന്നാലെ കേന്ദ്രത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. മോദി സർക്കാരിൻ്റെ നയതന്ത്രത്തെ ചോദ്യം ചെയ്തും ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയുടെ വിദേശനയ മുൻഗണനകൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടും കോൺഗ്രസ് ആശങ്ക ഉയർത്തി. 

ഈ വിഷയത്തിൽ സർക്കാരിൽ നിന്നോ ഭരണകക്ഷിയായ ബിജെപിയിൽ നിന്നോ പ്രതികരണമൊന്നും ഉണ്ടായില്ല. പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 397 മില്യൺ യുഎസ് ഡോളർ അനുവദിക്കാനുള്ള പ്രസിഡൻ്റെ ട്രംപിന്റെ സമീപകാല തീരുമാനം മോദി സർക്കാരിന്റെ നയതന്ത്ര ഫലപ്രാപ്തിയെക്കുറിച്ച് നിർണായകമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് കോൺഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.

2022-ലെ ബൈഡൻ ഭരണകൂടം ഇതേ ആവശ്യത്തിനായി 450 മില്യൺ യുഎസ് ഡോളറിന്റെ പാക്കേജ് പ്രഖ്യാപിച്ചതിനെ അനുസ്മരിപ്പിക്കുന്ന ഈ നീക്കം, പാകിസ്ഥാനുള്ള യുഎസ് സൈനിക പിന്തുണയുടെ ഒരു മാതൃക എടുത്തുകാണിക്കുന്നു എന്ന് അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.