മഹാകുംഭമേളയെ വിമർശിച്ചവർക്ക് മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങള്‍ക്ക് തങ്ങള്‍ തിരഞ്ഞുനടന്നവയെ കണ്ടെത്താൻ സാധിച്ച ഒരിടമായിരുന്നു മഹാകുഭമേള എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“കഴുകന്മാർക്ക് മൃതശരീരങ്ങള്‍ ലഭിച്ചു, പന്നികള്‍ക്ക് മാലിന്യം ലഭിച്ചു, സാധാരണക്കാരായ മനുഷ്യർക്ക് ബന്ധങ്ങളെ കുറിച്ച് ഏറ്റവും ഭംഗിയുള്ള ചിത്രം ലഭിച്ചു, വ്യാപാരികള്‍ക്ക് കച്ചവടം ലഭിച്ചു, വിശ്വാസികള്‍ക്ക് വൃത്തിയുള്ള ക്രമീകരണങ്ങള്‍ ലഭിച്ചു”, യോഗി ആദിത്യനാഥ് പറഞ്ഞു. മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരണപ്പെട്ട സംഭവത്തിന് പിന്നാലെ പ്രതിപക്ഷം കുംഭമേളയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവർ കുംഭമേളയില്‍ പങ്കെടുക്കുന്നത് തടഞ്ഞുവെന്ന് അവിടെ പോകുന്നത് തടഞ്ഞുവെന്ന് പ്രതിപക്ഷം പറഞ്ഞു. ഒരു ജാതിയെയും തടഞ്ഞിട്ടില്ല. നല്ല ഉദ്ദേശ്യത്തോടെ ബഹുമാനത്തോടെ ആർക്കും കുംഭമേളയില്‍ പങ്കെടുക്കാം. എന്നാല്‍ ദുരുദ്ദേശ്യത്തോടെ ആരെങ്കിലും അവിടെ പോയാല്‍, മേളയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിച്ചാല്‍, തീർച്ചയായും അവർ അതിന് അനുഭവിക്കേണ്ടിവരും,” യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.



