അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐസിസി) അറസ്റ്റ് വാറണ്ട് നേരിടുന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഔദ്യോഗിക സന്ദര്‍ശനത്തിന് വരാന്‍ ക്ഷണം നല്‍കിയതായി ജര്‍മ്മനിയുടെ അടുത്ത ചാന്‍സലറാവാന്‍ സാധ്യതയുള്ള ഫ്രെഡറിക് മെര്‍സ് പറഞ്ഞു. ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ വാറണ്ട് നിലനില്‍ക്കെ നെതന്യാഹുവിന് ജര്‍മ്മനി സന്ദര്‍ശിക്കാനുള്ള വഴി കണ്ടെത്തുമെന്നും സിഡിയു ബ്ലോക്ക് നേതാവ് പറഞ്ഞു.

‘ഒരു ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ജര്‍മ്മനി സന്ദര്‍ശിക്കാന്‍ കഴിയില്ലെന്നത് തികച്ചും അസംബന്ധമായ ആശയമാണെന്ന് ഞാന്‍ കരുതുന്നു,’ ജര്‍മന്‍ തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ യാഥാസ്ഥിതിക കക്ഷിയുടെ നേതാവായ മെര്‍സ് പറഞ്ഞു. നെതന്യാഹുവിന് ജര്‍മ്മനി സന്ദര്‍ശിക്കാനുള്ള വഴികളും മാര്‍ഗങ്ങളും കണ്ടെത്തുമെന്നും അറസ്റ്റ് ചെയ്യപ്പെടാതെ അദ്ദേഹം തിരികെ പോകുമെന്നും താന്‍ നെതന്യാഹുവിനോട് ഫോണില്‍ പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഗാസയില്‍ നടന്ന യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധ മന്ത്രിക്കും ഹമാസ് ഉദ്യോഗസ്ഥര്‍ക്കും ഹേഗ് ആസ്ഥാനമായുള്ള ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് റോം ചട്ടപ്രകാരം നിയമപരമായ ബാധ്യതയാണെന്ന് ഐസിസി മെര്‍സിന്റെ പ്രസ്താവനയോട് പ്രതികരിച്ചു. നെതന്യാഹു മെര്‍സിനെ അഭിനന്ദിച്ചതായും പ്രധാനമന്ത്രിയെ യുദ്ധക്കുറ്റവാളിയായി മുദ്രകുത്താനുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അപകീര്‍ത്തികരമായ തീരുമാനത്തെ വെല്ലുവിളിച്ച് അദ്ദേഹത്തെ ജര്‍മ്മനിയിലേക്ക് ക്ഷണിക്കുമെന്ന് മെര്‍സ് അറിയിച്ചതായും നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.

ജര്‍മ്മനി ഉള്‍പ്പെടെ 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ സ്ഥാപക ഉടമ്പടിയില്‍ ഒപ്പുവെച്ചവരാണ്.  യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കുമുള്ള ഏക സ്ഥിരമായ അന്താരാഷ്ട്ര ട്രിബ്യൂണലാണിത്. ഉടമ്പടിയില്‍ ഏര്‍പ്പെട്ട രാജ്യങ്ങള്‍ തങ്ങളുടെ പ്രദേശത്ത് എത്തുന്ന വാറണ്ടുള്ളവരെ അറസ്റ്റ് ചെയ്യണമെന്നാണ് ചട്ടം.