നഗരത്തില്‍ വീണ്ടും പാതയോരം കയ്യേറി സിപിഎം സമര പന്തല്‍ ഉയര്‍ന്നത് വിവാദമായി. ഫെബ്രുവരി 25ന് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍, ‘കേരളമെന്താ ഇന്ത്യയിലല്ലെയെന്ന’ മുദ്രാവാക്യവുമായി കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെയുള്ള ഉപരോധ സമരത്തിനാണ് പന്തല്‍ കെട്ടി ഉയര്‍ത്തിയത്. ഹെഡ് പോസ്റ്റ് ഓഫീസ് മുതല്‍ ജില്ല ബാങ്ക് വരെ നീളുന്നതാണ് പന്തല്‍. മാത്രമല്ല സ്റ്റേഡിയം കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങളുടെ വ്യാപാരം മുടങ്ങുന്ന തരത്തിലാണ് പന്തല്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നും ആരോപണമുണ്ട്.
ഏകദേശം പതിനായിരത്തിലേറെപ്പേര്‍ വിവിധ ഏരിയകളില്‍ നിന്നായി പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വെയില്‍ കൊള്ളാതിരിക്കാനാണ് കൂറ്റല്‍ പന്തല്‍ ഒരുക്കിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ പന്തല്‍ കെട്ടുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. മാത്രമല്ല പന്തല്‍ നിര്‍മ്മിക്കുന്നതിനിടെ കെ എസ് ആര്‍ ടി സി ബസ് ഇടിച്ച് പന്തല്‍ പൊളിഞ്ഞ് വീണ് പന്തല്‍ നിര്‍മ്മാണ തൊഴിലാളിക്ക് പരിക്ക് പറ്റിയിരുന്നു.
റോഡ് അടച്ച് സമരപന്തല്‍ കെട്ടുന്നതിനെതിരെ ഹൈകോടതി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടതി കയറി ഇറങ്ങുമ്പോഴാണ് റോഡും വ്യാപാര സ്ഥാപനങ്ങളും അടച്ച് കൊണ്ടുള്ള കൂറ്റന്‍ പന്തല്‍ തയ്യാറാക്കിയിരിക്കുന്നത്. സമരം ആരംഭിക്കുന്നതോടെ നഗരത്തെ മുഴുവന്‍ കുരുക്കി കൊണ്ടുള്ളതായിരിക്കും സമരം. പന്തല്‍ നിര്‍മ്മിക്കുന്നതിന് ആരാണ് അനുമതി കൊടുത്തതെന്ന ചോദ്യത്തിന് പൊലീസിന് മിണ്ടാട്ടമില്ലെന്ന് പ്രതിപക്ഷം പറയുന്നു.
റോഡ് കയ്യേറിയുള്ള പന്തല്‍ കെട്ടുന്നവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന ഡിജിപിയോട് ഹൈക്കോടതി ചോദിക്കുകയും ചെയ്തിരുന്നു. എന്നിട്ടും കണ്ണൂരില്‍ റോഡ് കയ്യേറിയുള്ള പന്തല്‍ നിര്‍മ്മാണത്തിന് ആര് അനുമതി നല്‍കിയെന്ന ചോദ്യം ഉയരുകയാണ്. നിത്യേനെ നൂറുകണക്കിനാളുകള്‍ നടന്നു പോകുന്ന വഴിയാണിത്. സംഭവം വിവാദമായെങ്കിലും മൗനം പാലിക്കുകയാണ് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം.