തെക്കന്‍ ഫ്രഞ്ച് നഗരമായ മാര്‍സെയിലിലെ റഷ്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനമുണ്ടായതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ ആളപായമില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പ്രാഥമിക വിവരമനുസരിച്ച് കോണ്‍സുലേറ്റിനുള്ളിലെ പൂന്തോട്ടത്തിലേക്ക് അജ്ഞാതര്‍ രണ്ട് മൊളോടോവ് കോക്ക്ടെയിലുകള്‍ എറിഞ്ഞതായി ബെലാറൂസ് മാധ്യമ സ്ഥാപനമായ നെക്സ്റ്റ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്ന സ്ഥലത്തിന് സമീപം മോഷ്ടിച്ച കാര്‍ കണ്ടെത്തിയെന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നെക്സ്റ്റ റിപ്പോര്‍ട്ട് പറയുന്നു.
കോണ്‍സുലേറ്റിന് നേരെ തീവ്രവാദ പ്രവര്‍ത്തനമാണ് നടന്നതെന്ന് റഷ്യ ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഫ്രഞ്ച് അധികാരികളോട് റഷ്യ ആവശ്യപ്പെട്ടു. മാര്‍സെയിലിലെ റഷ്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ പ്രദേശത്ത് നടന്ന സ്ഫോടനങ്ങള്‍ക്ക് ഭീകരാക്രമണത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു. ‘സമഗ്രവും വേഗത്തിലുള്ളതുമായ നടപടികളും റഷ്യന്‍ വിദേശ ദൗത്യങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും ഞങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ആവശ്യപ്പെടുന്നു.’ സഖരോവ പറഞ്ഞു.