വിവാദങ്ങൾ, വെല്ലുവിളികൾ, പ്രഖ്യാപനങ്ങൾ…ഒരുപക്ഷേ സമീപകാലത്തെങ്ങുമില്ലാത്ത വിധം പോരാട്ടച്ചൂട് കൂടുതലായിരുന്നു ഇത്തവണത്തെ ഇന്ത്യ-പാക് പോരാട്ടത്തിന്. മൈതാനത്തിന് പുറത്ത് താരങ്ങളും അധികൃതരുമടക്കം അവകാശവാദങ്ങൾ നിരത്തി. അതും പലതവണ. ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്താനിലേക്കില്ലെന്ന് ഇന്ത്യയെടുത്ത നിലപാടിൽ തുടങ്ങിയ വിവാദം പിന്നീട് ആളിക്കത്തി. ഇന്ത്യ വന്നേ മതിയാവൂയെന്ന് ഉറപ്പിച്ചുപറഞ്ഞ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സി.യോട് വരെ കലഹിച്ചു. ഒടുവിൽ ഇന്ത്യയുടെ കടുംപിടിത്തത്തിൽ ഹൈബ്രിഡ് മോഡലിലെത്തിയ ടൂർണമെന്റ്. പിന്നേയും നിറഞ്ഞുനിന്ന വിവാദങ്ങൾ. അവസാനം ദുബായിലെ പോരാട്ടത്തിൽ ഇന്ത്യയുടെ വിജയക്കൊടി. റെക്കോഡുകളുമായി കോലി കളം നിറഞ്ഞപ്പോൾ പാകിസ്താൻ അക്ഷരാർഥത്തിൽ നിഷ്പ്രഭമായി. ഇന്ത്യ സെമിക്കരികെ എത്തിനിൽക്കുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താൻ ശ്രദ്ധയോടെയാണ് കളിച്ചത്. ഓപ്പണർമാർക്ക് അധികം പിടിച്ചുനിൽക്കാനാവാതെ വന്നതോടെ സൗദ് ഷക്കീലും റിസ്വാനും പാക് സ്കോറുയർത്തി. കുഷ്ദിലിന്റെ ഇന്നിങ്സും ചേർന്നതോടെ 241 റൺസിലെത്തിയ പാക് ടീം ഓൾഔട്ടായി. പിന്നെ ഇന്ത്യയുടെ മറുപടി ബാറ്റിങ്. നായകൻ രോഹിത് (20) അഞ്ചാം ഓവറിൽ കൂടാരം കയറിയപ്പോൾ ആരാധകർ തെല്ലൊന്ന് അമ്പരന്നതാണ്. പിന്നെ പതിവുശൈലിയിൽ കോലിയുടെ ഇന്നിങ്സ്. ആദ്യം ഗില്ലു മൊത്ത് സ്കോർ 100-ലെത്തിച്ചു. പിന്നെ ശ്രേയസ് അയ്യരുമൊത്ത് 200-കടത്തി. അപ്പോഴേക്കും പാകിസ്താൻ ഏറെക്കുറെ പരാജയം ഉറപ്പിച്ചിരുന്നു. കോലി ഷോ നോക്കി നിൽക്കാൻ മാത്രമേ പാക് താരങ്ങൾക്കായുള്ളൂ.

ഒരുപിടി റെക്കോഡുകളും സ്വന്തമാക്കിയാണ് വിരാട് കോലിയുടെ ഇന്നിങ്സ് കടന്നുപോയത്. ആദ്യം ഫീൽഡിങ്ങിലാണ് വിസ്മയിപ്പിച്ചത്. പിന്നെ ബാറ്റിങ്ങിൽ. ഏകദിനത്തിൽ ഏറ്റവും കൂടുതൽ ക്യാച്ച് എടുക്കുന്ന ഇന്ത്യൻ ഫീൽഡറെന്ന റെക്കോഡാണ് താരം ആദ്യം സ്വന്തമാക്കിയത്. 158 ക്യാച്ചുകളെടുത്ത താരം ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത താരങ്ങളുടെ പട്ടികയിൽ മൂന്നാമതുമെത്തി. പിന്നെ ബാറ്റിങ്ങിൽ സെഞ്ചുറിത്തിളക്കം.

പാകിസ്താനെതിരേ 15 റൺസ് നേടിയതോടെ കോലി വീണ്ടും റെക്കോഡ് ബുക്കിൽ ഇടം നേടി. ഏകദിനത്തിൽ അതിവേഗം 14000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോലി സ്വന്തമാക്കിയത്. ഏകദിനക്രിക്കറ്റിൽ 14000 റൺസ് നേടുന്ന മൂന്നാമത്തെ താരമായും കോലി മാറി. സച്ചിൻ തെണ്ടുൽക്കറും മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുമാണ് നേരത്തേ ഏകദിനത്തിൽ 14,000 റൺസ് തികച്ചവർ. അതിവേ​ഗം 14000 തികച്ചവരിൽ സച്ചിനെയാണ് കോലി മറികടന്നത്. 287 ഇന്നിങ്സിൽ നിന്നാണ് കോലി 14,000 ക്ലബ്ബിലെത്തിയത്. സച്ചിൻ 350 ഇന്നിങ്സുകളും സംഗക്കാര 478 ഇന്നിങ്സുകളിൽ നിന്നുമാണ് 14000 റൺസെടുത്തത്. പിന്നാലെ സെഞ്ചുറിയോടെ കോലിയുടെ ഉ​ഗ്രൻ ഫിനിഷ്. വെല്ലുവിളിച്ചവർക്കുള്ള മറുപടിയും.

ടൂർണമെന്റിലെ മുഴുവൻ മത്സരങ്ങളും പാകിസ്താനിൽതന്നെ നടത്തുമെന്നാണ് പാക് ക്രിക്കറ്റ് ബോർഡ് ആദ്യം തീരുമാനിച്ചത്. ഹൈബ്രിഡ് മോഡൽ ഉണ്ടായിരിക്കില്ലെന്നും ഇന്ത്യൻ ടീമിനെ പാകിസ്താനിലെത്തിക്കേണ്ട ഉത്തരവാദിത്വം ഐ.സി.സി.ക്കാണെന്നും അത് പി.സി.ബി.യുടെ പണിയല്ലെന്നും പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി അധികൃതരെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ വിവാദം തുടങ്ങി. പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ബി.സി.സി.ഐ. നിലപാട് കടുപ്പിച്ചു. ഒടുക്കം ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ്, പാകിസ്താനുപുറമേ മറ്റൊരു വേദിയിലും നടത്താൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ നീക്കം നടത്തി.പാകിസ്താൻ എതിർപ്പ് ഫലവത്തായില്ല. പാകിസ്താനിലേക്ക് ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ബി.സി.സി.ഐ. നിലപാട് സ്വീകരിച്ചതിനെത്തുടർന്നാണ് ആതിഥേയ രാജ്യത്തിന് പുറമേ മറ്റൊരു വേദിയും പരിഗണിക്കാൻ ഐ.സി.സി. ആലോചിച്ചത്. അത് ദുബായിൽ ഇന്ത്യയുടെ മത്സരം കളിക്കാനുള്ള തീരുമാനത്തിലെത്തിച്ചു.

വിവാദങ്ങൾ അവിടെയും തീർന്നില്ല. ടൂർണമെന്റിലെ ഇന്ത്യൻ ടീമിന്റെ ജേഴ്സിയിൽ പാകിസ്താന്റെ പേരില്ലെന്ന അഭ്യൂഹം അടുത്ത വിവാദത്തിന് തിരികൊളുത്തി. വിഷയം ചർച്ചയായതോടെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീം ധരിക്കുന്ന ജേഴ്സിയിൽ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേരെഴുതുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നിയമങ്ങളും നിർദേശങ്ങളും ഇന്ത്യ കൃത്യമായി പാലിക്കുമെന്നും ബി.സി.സി.ഐ. സെക്രട്ടറി ദേവദത്ത് സൈക്കിയ വ്യക്തമാക്കി.

ഇന്ത്യ പാകിസ്താനിൽ കളിക്കാത്തതിനെതിരേ ആരാധകരും രം​ഗത്തെത്തി. മത്സരത്തിനിടയിൽ ഇന്ത്യൻ താരങ്ങളെ ആലിം​ഗനം ചെയ്യരുതെന്നായിരുന്നു പാക് ആരാധകരുടെ ആവശ്യം. പാകിസ്താനിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ലെന്ന ഇന്ത്യയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി കളിക്ക് തൊട്ടുമുമ്പ് വരെ പറഞ്ഞു. ഈ തീരുമാനം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് നിരാശസമ്മാനിക്കുന്നതാണെന്നും പാകിസ്താൻ എല്ലായിപ്പോഴും കായികവും രാഷ്ട്രീയവും വേറിട്ടാണ് കാണാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മത്സരത്തിന് മുമ്പ് മറ്റൊരു പ്രഖ്യാപനവും ചർച്ചയായി.ഇന്ത്യയെ പരാജയപ്പെടുത്തിയാൽ പാകിസ്താൻ ടീമിന് ഒരു കോടി പാകിസ്താനി രൂപ നൽകുമെന്ന വമ്പൻ പ്രഖ്യാപനം. അത് നടത്തിയതാകട്ടെ പാകിസ്താൻ പ്രവിശ്യയായ സിന്ധിലെ ഗവർണർ കമ്രാൻ ടെസ്സോരി. പാകിസ്താൻ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന എ.ആർ.വൈ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്താൻ സാധിച്ചാൽ ഒരു കോടി പാകിസ്താനി രൂപയുടെ സമ്മാനം പ്രഖ്യാപിക്കുകയാണ്. രാജ്യം മുഴുവൻ പ്രാർഥനയിലാണ്. ഞങ്ങൾ വിജയം നേടുക തന്നെ ചെയ്യും.’ – കമ്രാൻ പറഞ്ഞതായി എ.ആർ.വൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.

വെല്ലുവിളികൾക്കും വിവാദങ്ങൾക്കും ഒടുക്കം മൈതാനത്ത് ഇന്ത്യയുടെ മറുപടി. കോലി പട നയിച്ചപ്പോൾ ചാമ്പ്യൻസ് ട്രോഫിയിലെ രണ്ടാം ജയത്തോടെ സെമിയിലേക്ക് അടുത്തു. അതേസമയം രണ്ടുമത്സരവും തോറ്റ ആതിഥേയർ പുറത്തേക്കുള്ള വഴിയിലാണ്.