കൊച്ചി: വ്യാജരേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതിമാർ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ പോലീസ് പിടികൂടിയത്. ഇതോടെ ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയി.

ബംഗ്ലാദേശികളായ ദശരഥ് ബാനർജിയും ഭാര്യയും അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച് പശ്ചിമബംഗാളിൽനിന്ന് വ്യാജമായി ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയ ശേഷം കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വ്യാജ രേഖകളുമായി കേരളത്തിലെത്തിയ ദമ്പതിമാർ പറവൂർ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റർ ചെയ്ത് താമസിക്കുകയായിരുന്നു. ‘ഓടശ്ശേരി വീട്’ എന്ന വീട്ടുപേരിൽ ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽനിന്ന് കേരളത്തിൽ നിന്നുള്ള ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ ആർ.സി ബുക്കിന്റെ പകർപ്പ്, വാർഡ് മെമ്പർ നൽകിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.