അഹമ്മദാബാദ്: മകന്റെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി മാറ്റിവെച്ച് ശതകോടീശ്വർ ഗൗതം അദാനി. മകൻ ജീത് അദാനിയുടെ വിവാഹത്തിന് ആർഭാടങ്ങൾ ഒഴിവാക്കുമെന്ന് അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സാമൂഹ്യസേവനത്തിനായി 10,000 കോടി രൂപ മാറ്റിവെക്കുന്നത്.

നീക്കിവെച്ച തുകയുടെ ഭൂരിഭാഗവും ആരോഗ്യ- വിദ്യാഭ്യാസ- നൈപുണി വികസന പദ്ധതികൾക്കായിട്ടായിരിക്കും ചെലവഴിക്കുക. അന്തർദേശീയ നിലവാരത്തിലുള്ള ആശുപത്രികളും മെഡിക്കൽ കോളേജുകളും ഉന്നതനിലവാരത്തിലുള്ള കെ-12 സ്കൂളുകളുമായിരിക്കും നിർമിക്കുക. ഇവിടേക്ക് എല്ലാ ജനവിഭാഗങ്ങൾക്കും പ്രവേശനം അനുവദിക്കുന്ന തരത്തിലാണ് പദ്ധതികൾ രൂപകല്പന ചെയ്യുന്നത്.

വെള്ളിയാഴ്ചയായിരുന്നു ഗൗതം അദാനിയുടെ മകൻ ജീത് അദാനിയും വജ്രവ്യാപാരി ജെയ്മിൻ ഷായുടെ മകൾ ദിവയും വിവാഹിതരായത്. അഹമ്മദാബാദിലെ അദാനി ശാന്തിഗ്രാം ടൗൺഷിപ്പിലെ ക്ലബിലായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകൾ മാത്രമായിരുന്നു വിവാഹത്തിന്റെ ഭാഗമായി ഉണ്ടായിരുന്നത്. അടുത്ത ബന്ധുക്കളും കുടുംബവും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

നേരത്തേ, വിവാഹത്തോടനുബന്ധിച്ച് മംഗൾ സേവ എന്ന പേരിൽ അടുത്തിടെ വിവാഹിതരായ ഭിന്നശേഷിക്കാരായ വനിതകളെ സഹായിക്കാനുള്ള പദ്ധതി അദാനി പ്രഖ്യാപിച്ചിരുന്നു. എല്ലാവർഷവും ഭിന്നശേഷിക്കാരായ 500 വനിതകൾക്ക് 10 ലക്ഷത്തിന്റെ സാമ്പത്തിക സഹായം നൽകുന്നതായിരുന്നു പദ്ധതി. അടുത്തിടെ വിവാഹതിരായ 21 ഭിന്നശേഷി ദമ്പതിമാരെ ജീത് ഇതിന്റെ ഭാഗമായി സന്ദർശിച്ചിരുന്നു.