സോഷ്യൽ മീഡിയ വഴി മതനിന്ദ നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാനിൽ നാല് യുവാക്കൾക്ക് വധശിക്ഷ വിധിച്ചു. ഇസ്ലാമിനെ നിന്ദിക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുവെന്നാണ് പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള 20നും 32നും ഇടയിൽ പ്രായമുള്ള നാല് യുവാക്കൾക്ക് എതിരെയുള്ള ആരോപണം.

“അവരിൽ മൂന്ന് പേർ ലാഹോറിൽ നിന്നുള്ളവരും ഒരാൾ ബഹവൽപൂരിൽ നിന്നുള്ളതുമാണ്. വിവാദപരമായ ഉള്ളടക്കം പങ്കിടുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അവർ കബളിപ്പിക്കപ്പെട്ട് ചേർന്നതായിരുന്നു. മതനിന്ദാപരമായ ഉള്ളടക്കം അവരുടെ ഫോണുകളിൽ സൂക്ഷിക്കാനും മറ്റുള്ളവരുമായി ഷെയർ ചെയ്യാനും കാരണമായത് കബളിപ്പിക്കപ്പെട്ടായിരുന്നു.”- മതനിന്ദാ കുറ്റം ചുമത്തപ്പെട്ട കുടുംബങ്ങൾ ചേർന്ന് രൂപീകരിച്ച ഗ്രൂപ്പായ വോയ്‌സ് ഓഫ് ദി വിക്ടിംസ് ഓഫ് ബ്ലാസ്‌ഫെമി ബിസിനസ് ഗ്രൂപ്പിലെ ഒരു അജ്ഞാത അംഗത്തിന്റെ മൊഴികൾ വ്യക്തമാക്കുന്നു.

സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് (CSJ) എന്ന അഭിഭാഷക ഗ്രൂപ്പിലെ അംഗമായ ഒരു അഭിഭാഷകൻ നസീർ വില്യം, പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കെതിരായ വർധിച്ചുവരുന്ന പീഡനങ്ങളിലും മതനിന്ദ ആരോപിക്കപ്പെടുന്ന കേസുകളിലും ആശങ്ക രേഖപ്പെടുത്തി. “ഈ ഇരകൾക്ക് ദീർഘകാലമായി അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ അധികാരികളോട് അഭ്യർഥിച്ചുകൊണ്ട് പത്രസമ്മേളനങ്ങൾ നടത്തുന്നു. ദേശീയ അസംബ്ലിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ജനുവരി 27 ന് വൈകുന്നേരം സെഷനിൽ ഇക്കാര്യം ചർച്ച ചെയ്യും. കുറഞ്ഞത് ഈ ഇരകൾക്ക് കോടതിയിൽ അപ്പീൽ കൊടുക്കാനെങ്കിലുമുള്ള അവകാശം നൽകണം” വില്യം പറഞ്ഞു.

കഴിഞ്ഞ വർഷം 19 ക്രിസ്ത്യാനികൾ ഉൾപ്പെടെ 343 പേർക്കെതിരെ കേസുകൾ ഉണ്ടായിരുന്നു. അതിൽ അഞ്ചുപേർ സ്ത്രീകളാണ്. പാക്കിസ്ഥാനിൽ ഇസ്‌ലാമിനും മുഹമ്മദ് നബിക്കും എതിരെയുള്ള മതനിന്ദ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമായി കണക്കാക്കപ്പെടുന്നു. മിക്ക കേസുകളിലും, പാക്കിസ്ഥാനിൽ മതനിന്ദാ നിയമങ്ങൾ സ്വകാര്യ നേട്ടങ്ങൾക്കായി – പണമോ വ്യക്തിപരമോ ആയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നു.