സംസ്‌ഥാനത്ത്‌ ബയോമെഡിക്കല്‍ മാലിന്യസംസ്‌കരണത്തിനും നിര്‍മാര്‍ജനത്തിനുമുള്ള സൗകര്യങ്ങള്‍ അപര്യാപ്‌തമെന്ന്‌ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍(സി.എ.ജി) റിപ്പോര്‍ട്ട്‌.

അടിയന്തരമായി ആവശ്യമുണ്ടായിരുന്നിട്ടും ഇത്തരം സൗകര്യങ്ങള്‍ സ്‌ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞദിവസം നിയമസഭയില്‍ സമര്‍പ്പിച്ച, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പെര്‍ഫോമന്‍സ്‌ ഓഡിറ്റ്‌ റിപ്പോര്‍ട്ടിലാണ്‌ സി.എ.ജി ഈ കുറ്റപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌. അംഗീകൃത ലൈസന്‍സ്‌ ഇല്ലാത്ത ഉപകരണങ്ങളാണ്‌ ചില ആശുപത്രികളില്‍ റേഡിയോഗ്രാഫിക്ക്‌ വേണ്ടി ഉപയോഗിച്ചിരുന്നത്‌. മറ്റു ലക്ഷ്യങ്ങളോടൊപ്പം, സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരം നിര്‍ദേശിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ നിയമം കൊണ്ട്‌ ഒരു ഗുണവുമുണ്ടായിട്ടില്ല. ഇതിലൂടെ ഉദ്ദേശിച്ച പുരോഗതിയോ ലക്ഷ്യമോ കൈവരിക്കാനായില്ലെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. സംസ്‌ഥാനത്തെ ചില ബ്ലഡ്‌ബാങ്കുകള്‍ ലൈസന്‍സ്‌ പോലുമില്ലാതെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും സി.എ.ജി. റിപ്പോര്‍ട്ടിലുണ്ട്‌.

ആരോഗ്യസുരക്ഷാ സംവിധാനം നിയമപരമായ ബാധ്യതകള്‍ നിറവേറ്റുന്നുവെന്നും വിവിധ കക്ഷികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നുവെന്നും ഉറപ്പാക്കുന്നതിനു വേണ്ട നിയന്ത്രണ സംവിധാനം സംസ്‌ഥാനത്ത്‌ അപര്യാപ്‌തമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യരക്ഷാ ഉപഭോക്‌താക്കളെ ആരോഗ്യത്തിന്‌ ഹാനികരമായ വിപത്തുകളില്‍നിന്ന്‌ സംരക്ഷിക്കുക, ആരോഗ്യപരിചരണരംഗത്തെ ഉദ്യോഗസ്‌ഥര്‍ക്ക്‌ സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക, ആരോഗ്യരംഗത്തെ വിവിധ പരിപാടികള്‍ വഴി പൊതുജനാരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തുക എന്നിവയൊക്കെ ഉള്‍പ്പെടുന്ന നിയന്ത്രണം ആരോഗ്യമേഖലയില്‍ സുപ്രധാനമാണ്‌. ഇവയാണ്‌ റെഗുലേറ്ററി സംവിധാനങ്ങളുടെ ചുമതല.സൗകര്യങ്ങളുടെയും സേവനങ്ങളുടെയും മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ, ആരോഗ്യസ്‌ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷനും നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌സ് നിയമം 2010-ല്‍ പാസാക്കിയത്‌. അതിന്റെ ചുവടുപിടിച്ച്‌ 2018-ല്‍ കേരള സര്‍ക്കാര്‍ നിയമം കൊണ്ടുവരുകയും ചട്ടങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്‌തിരുന്നു.

ഈ നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നതിനായി ആരോഗ്യ സ്‌ഥാപങ്ങളുടെ സംസ്‌ഥാന കൗണ്‍സില്‍ കേരള സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യവസ്‌ഥകള്‍ക്ക്‌ അനസൃതമായി രജിസ്‌റ്റര്‍ ചെയ്യാതെ ഒരു വ്യക്‌തിയും ഒരു ക്ലിനിക്കല്‍ സ്‌ഥാപനം നടത്താന്‍ പാടില്ല എന്നതാണ്‌ ഇതിലൂടെ വ്യവസ്‌ഥചെയ്‌തത്‌. 3,748 പൊതുസ്‌ഥാപനങ്ങളും 3,108 സ്വകാര്യ സ്‌ഥാപനങ്ങളും ഉള്‍പ്പെടെ മൊത്തം 6,856 സ്‌ഥാപനങ്ങള്‍ കൗണ്‍സിലില്‍ 2022 വരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇത്തരത്തില്‍ പല വിഭാഗങ്ങളിലും രജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കിലും നിയമം നിലവില്‍ വന്ന്‌ 2022-ല്‍ നാലുവര്‍ഷം കഴിഞ്ഞിട്ടും 60% സ്‌ഥാപനങ്ങള്‍ പോലും നിയമത്തിന്റെ കീഴില്‍ വന്നിട്ടില്ല.

വ്യവസ്‌ഥകള്‍ക്ക്‌ അനുസൃതമായി ഒരു വിഭാഗത്തിലും പെട്ട സ്‌ഥാപനങ്ങളുടെ മാനദണ്ഡങ്ങള്‍ സംസ്‌ഥാന സര്‍ക്കാര്‍ രൂപീകരിച്ചില്ല. അതുകൊണ്ടുതന്നെ അതോറിറ്റിക്ക്‌ കീഴില്‍ താല്‍ക്കാലിക രജിസ്‌ട്രേഷന്‍ മാത്രമേ പല സ്‌ഥാപനങ്ങള്‍ക്കും നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ.