കൊച്ചി: സിറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ സംഘർഷത്തിന് താൽക്കാലിക പരിഹാരം. 21 വൈദികർ നടത്തിവന്നിരുന്ന പ്രാർത്ഥനാ യജ്ഞം അവസാനിപ്പിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചർച്ചക്ക് ഒടുവിലാണ് പ്രശ്നങ്ങൾ സമവായത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന നൽകി വൈദികർ പ്രാർത്ഥനാ യജ്ഞം പിൻവലിക്കാൻ തീരുമാനിച്ചത്. കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെയാണ് വൈദികർ സമരത്തിൽ നിന്ന് പിന്മാറിയത്.
രണ്ടര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം ഉണ്ടായിരിക്കുന്നത്. പ്രശ്നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നത് എന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു.
21 വൈദികരുടെ സഹനത്തിന് ഫലമുണ്ടായെന്നായിരുന്നു ചർച്ചയ്ക്ക് ശേഷം അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ പ്രതികരണം. കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കുമെന്ന് ഉറപ്പു ലഭിച്ചു. വൈദികർക്കെതിരായ ശിക്ഷ നടപടികളുടെ തുടർനടപടികൾ വിഷയം പഠിച്ച ശേഷം മാത്രമേ ഉണ്ടാകൂ എന്ന് ആർച്ച് ബിഷപ്പ് ഉറപ്പ് നൽകിയെന്നും ഫാദർ കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. പ്രാർഥനയജ്ഞത്തിലുണ്ടായിരുന്ന 21 വൈദികരുമായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നേരിട്ടെത്തി ചർച്ച നടത്തിയതിനു ശേഷമാണ് പ്രാർഥന യജ്ഞം അവസാനിപ്പിക്കാൻ വൈദികർ തീരുമാനിച്ചത്.
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് മാർ ജോസഫ് പാംപ്ലാനി രാത്രി തന്നെ വൈദികരുമായി നേരിട്ട് സംസാരിക്കാൻ തീരുമാനിച്ചത്. വൈദികർക്കെതിരെ കേസെടുത്തത് ചർച്ച ചെയ്തിട്ടില്ലെന്നും സെൻട്രൽ എസിപി സി.ജയകുമാർ വ്യക്തമാക്കി.
ശാന്തമായി പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപൊലീത്തൻ വികാരിയായി സ്ഥാനമേറ്റ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കിയിരുന്നു. ഏകീകൃത കുർബാന അർപ്പണത്തിൽ നിന്നും പിന്നാക്കം പോകുക അസാധ്യമാണെന്നും ജോസഫ് പാംപ്ലാനി പ്രതികരിച്ചിരുന്നു. മാർപ്പപ്പയുടെ തീരുമാനം അന്തിമമാണ്. അത് എല്ലാവരും മനസ്സിലാക്കണം. ജൂലൈ 1ന് ഒരു വ്യവസ്ഥ ഉണ്ടാക്കിയിരുന്നു. ഞായറാഴ്ച ഒരു കുർബാന എങ്കിലും ഏകീകൃത കുർബാന ചൊല്ലുന്നവർക്കെതിരെ നടപടി ഉണ്ടാകില്ല എന്ന തീരുമാനം തുടരും. ഇതാണ് സിനഡിൽ എടുത്ത തീരുമാനം വിഷയങ്ങൾ പഠിച്ച ശേഷം കൂടുതൽ പ്രതികരണമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കിയിരുന്നു.
ഈ ദിവസങ്ങളിൽ എല്ലാവരെയും കേൾക്കുമെന്നും മുൻ ധാരണ ഇല്ലാതെ ചർച്ച നടത്തുമെന്നും ജോസഫ് പാംപ്ലാനി വ്യക്തമാക്കിയിരുന്നു. പ്രതിഷേധിക്കുന്ന വൈദികരെയും ചർച്ചയ്ക്ക് വിളിക്കും. അതിരൂപത ഒരു മനസോടെ ഒറ്റക്കെട്ടായി നിൽക്കണം. പ്രതിഷേധിക്കുന്നവർ സമരം നിർത്തണം. സമരം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും സമരക്കാരുടെ വികാരങ്ങളെ സിനഡ് മനസിലാക്കുന്നുവെന്നും ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.



