ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 15 സംഘടനകളുടെ നിയമപരമായ പദവി റദ്ദാക്കി നിക്കരാഗ്വൻ സ്വേച്ഛാധിപത്യം. 2018 മുതൽ ഡാനിയൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും ഭരണകൂടം അടച്ച 5400 ലധികം എൻ. ജി. ഒ. കൾക്കു ശേഷം 2025 ൽ സന്യാസിനീ സമൂഹത്തിന്റെ ഫൗണ്ടേഷനും അടച്ചുപൂട്ടി.

സേവ് ദി ചിൽഡ്രൻ, നിക്കരാഗ്വയിലെ ഡൊമിനിക്കൻ നൺസ് ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ 11 സംഘടനകളുടെ സ്വമേധയായുള്ള പിരിച്ചുവിടൽ ജനുവരി എട്ടിന് ഔദ്യോഗിക പത്രമായ ലാ ഗസെറ്റ റിപ്പോർട്ട് ചെയ്തു. സേവ് ദി ചിൽഡ്രൻ സംഘടന 1986 മുതൽ നിക്കരാഗ്വയിൽ പ്രവർത്തിക്കുന്നു.

സ്വമേധയാ പിരിച്ചുവിടൽ കാരണം റദ്ദാക്കപ്പെട്ട മറ്റ് 11 ഓർഗനൈസേഷനുകളിൽ എബനേസർ ക്രിസ്ത്യൻ മിഷനറി ഫൗണ്ടേഷൻ, മതഗൽപയിലെ ഫണ്ടമെന്റൽ ബാപ്റ്റിസ്റ്റ് ചർച്ച് അസോസിയേഷൻ, നിക്കരാഗ്വ ഫൗണ്ടേഷൻ എന്നിവയും ഉൾപ്പെടുന്നു.

ആഭ്യന്തരമന്ത്രി മരിയ അമേലിയ കോറണൽ കിൻലോച്ച് അംഗീകരിച്ച രണ്ട് മന്ത്രിതല കരാറുകളിലൂടെയാണ് 15 സംഘടനകൾ റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. 2024 ൽ ഏകാധിപത്യ ഭരണകൂടം ഏകദേശം ലാഭേച്ഛയില്ലാത്ത 1700 സംഘടനകൾ അടച്ചുപൂട്ടി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 19 നു മാത്രം ഭരണകൂടം മൊത്തം 1500 സംഘടനകൾ അടച്ചുപൂട്ടി.