മുംബൈ: ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന L&T ചെയർമാന്റെ പരാമർശത്തിൽ പ്രതികരിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടർ രാജീവ് ബജാജ്. ജോലി ചെയ്യുന്ന മണിക്കൂറുകളല്ല, മറിച്ച് ​ഗുണനിലവാരമാണ് പ്രധാനം. 90 മണിക്കൂർ ജോലിസമയം മുകൾ തട്ടിൽ നിന്ന് തുടങ്ങട്ടേയെന്നും അദ്ദേഹം സി.എൻ.ബി.സി.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ജോലിയുടെ ​ഗുണനിലവാരമാണ് പ്രധാനം. അല്ലാതെ, ജോലി ചെയ്യുന്ന മണിക്കൂറുകളല്ല. മുമ്പത്തേക്കാൾ അനുകമ്പയുള്ള സൗമ്യമായ ലോകം നമുക്ക് ആവശ്യമാണ്. മുകൾതട്ടിലാണ് എപ്പോഴും പ്രശ്നങ്ങളുണ്ടാകുക’, ബജാജ് പറഞ്ഞു. ബുദ്ധിമുട്ടുണ്ടാക്കുന്ന നയങ്ങൾ അവരുടെ ടീമുകൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതിന് മുമ്പ് സ്വയം ആത്മപരിശോധന നടത്താനും പരിഹരിക്കാനും മുകളിലുള്ളവർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

90 മണിക്കൂർ ജോലി ചെയ്യണമെന്നും ആവശ്യമെങ്കിൽ ഞായറാഴ്ചയുള്ള അവധി ഉപേക്ഷിക്കണമെന്നുമായിരുന്നു എൽ.ആൻഡ് ടി. ചെയർമാന്റെ പരാമർശം. താൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാരെ ഞായറാഴ്ചകളിൽ ജോലി ചെയ്യിപ്പിക്കാൻ സാധിച്ചാൽ താൻ സന്തോഷവാനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹികമാധ്യമങ്ങളിൽ വിഷയം പ്രചരിച്ചതോടെ നിരവധി പേരാണ് അദ്ദേഹത്തെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയത്. തൊട്ടുപിന്നാലെ എൽ.ആൻഡ് ടി. വിഷയത്തിൽ വിഷയത്തിൽ വിശദീകരണവുമായെത്തി. തങ്ങളുടെ തീവ്രമായ അഭിലാഷത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അസാധാരണമായ ഫലം ലഭിക്കുന്നതിന് അസാധാരണമായ പരിശ്രമം ആവശ്യമാണ്. ലക്ഷ്യവും അഭിനിവേശവും നിറഞ്ഞ ഒരു തൊഴിൽസംസ്കാരം വളർത്തിയെടുക്കാൻ എൽ.ആൻഡ് ടി. പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു.