ഇന്ത്യക്ക് സ്വിറ്റ്സർലൻഡിൽ നിന്നും അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ഇരട്ട നികുതി ഒഴിവാക്കൽ കരാറിലെ (ഡി ടി എ എ) ഏറ്റവും അനുകൂലമായ രാഷ്ട്ര പദവി (എം എഫ് എൻ) വ്യവസ്ഥയിൽ നിന്നാണ് സ്വിസ് സർക്കാർ താൽക്കാലികമായി ഇന്ത്യയെ ഒഴിവാക്കിയിരിക്കുന്നത്. മുന്‍ഗണനാപട്ടികയില്‍ നിന്നും ഇന്ത്യന്‍ കമ്പനികളെ ഒഴിവാക്കിയുള്ള സ്വിറ്റ്സർലൻഡിൻ്റെ തീരുമാനം ഇന്ത്യൻ കമ്പനികളെ സംബന്ധിച്ചടുത്തോളം വലിയ തിരിച്ചടിയാണ്. ഇന്ത്യൻ കമ്പനികൾക്ക് സ്വിറ്റ്സര്‍ലന്‍ഡ് എം എഫ്‌ എന്‍ (മോസ്റ്റ് ഫേവേർഡ് നേഷൻ) പദവിയാണ്‌ ഇതുവരെ നല്‍കിയത്. ഈ പദവിയാണ്‌ ഇപ്പോള്‍ എടുത്തുകളഞ്ഞിരിക്കുന്നത്. ഇത് ഇന്ത്യയിലെ സ്വിസ് നിക്ഷേപത്തെ ബാധിക്കുകയും യൂറോപ്യൻ രാജ്യത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഉയർന്ന നികുതി ചുമത്തപ്പെടാൻ കാരണമാകുകയും ചെയ്യും.

സ്വിസ് ഫിനാൻസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ഡിസംബറിലെ ഏറ്റവും പുതിയ പ്രസ്താവനയാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. 2025 ജനുവരി 1 മുതല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങളും കമ്ബനികളും പൗരന്മാരും ഉയർന്ന നികുതി നല്‍കേണ്ടി വരും. നേരത്തെ നല്‍കിയിരുന്നത് അഞ്ച് ശതമാനം നികുതിയാണെങ്കിൽ പുതിയ തീരുമാനപ്രകാരം ഇത് പത്ത് ശതമാനമായാകും ഉയരുക.