സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രതികരമവുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
സംഭവത്തിൽ പൊതുവിദ്യാഭ്യാസവകുപ്പ് ഡിജിപിക്ക് പരാതിയും നൽകിയിട്ടുണ്ട് . സ്വകാര്യ ട്യൂഷൻ സെൻ്ററിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോർച്ചയിൽ പങ്കുണ്ടാകാമെന്നും കർശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ക്രിസ്മസ്‌ അർധവാർഷിക പ്ലസ്‌വൺ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ്‌ ഇംഗ്ലീഷ്‌ പരീക്ഷയുടെയും ചോദ്യങ്ങളാണ് ചോർന്നത്. പരാതികൾ നേരത്തെ ഉയർന്നിട്ടും വിദ്യാഭ്യാസവകുപ്പ് അനങ്ങാതിരുന്നതാണ് ചോർച്ചക്കുള്ള കാരണമെന്നാണ് വിമർശനം.

ചോദ്യ പേപ്പർ വിഷയത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് , ഡി.ജി.പി, സൈബർ സെൽ എന്നിവർക്ക് പരാതി നൽകിയതായി ശിവൻകുട്ടി അറിയിച്ചു. യൂട്യൂബ് ചാനലുകളിൽ ചോദ്യപേപ്പർ വന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരും. പരീക്ഷാ നടത്തിപ്പിൽ സർക്കാർ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.