ലംഖിംപുർ ഖേരി(യു.പി): ആകാശ ഊഞ്ഞാൽ അപ്രതീക്ഷിതമായി പ്രവർത്തിച്ചതോടെ ഇരിപ്പിടത്തിനുള്ളിൽനിന്ന് തെറിച്ചുപോയ 13-കാരി പുറത്തെ കമ്പിയിൽ തൂങ്ങിയാടിയത് 60 അടി ഉയരത്തിൽ. സംഭവം കണ്ടുനിന്നവർ ഓപ്പറേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണെ കുട്ടിയെ താഴെയിറക്കിയത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് ലംഖിംപുർ ഖേരിയിലെ നിഗാസൻ ഭാഗത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ഊഞ്ഞാലിലെ ഇരിപ്പിടത്തിലിരിക്കുകയായിരുന്നു പെൺകുട്ടി. അപ്രതീക്ഷിതമായി ഊഞ്ഞാൽ വേഗതയിൽ നീങ്ങാൻ തുടങ്ങിയതോടെ 13-കാരി തെറിച്ചുപോവുകയായിരുന്നു. പുറത്തേക്ക് തെറിച്ചുപോയെങ്കിലും ഊഞ്ഞാലിൻറെ കമ്പികളിലൊന്നിൽ പിടികിട്ടി. അപ്പോഴും ഊഞ്ഞാൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉടൻതന്നെ പുറത്തുനിന്നുള്ളവർ ഒച്ചവെച്ച് ഓപ്പറേറ്ററുടെ ശ്രദ്ധയിൽ പെടുത്തിയതോടെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അനുവാദമില്ലാതെ യന്ത്ര ഊഞ്ഞാൽ പ്രവർത്തിപ്പിച്ചവർക്കെതിരേ കേസെടുക്കുമെന്ന് കളക്ടർ രാജീവ് നിഗം അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.



