സിങ്കപ്പുരിലും മറ്റു പല രാജ്യങ്ങളും ജനസംഖ്യാ ശോഷണം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് ഇലോൺ മസ്ക്. മരിയോ നൗഫൽ എന്ന വ്യക്തി എക്സിൽ പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് മസ്കിന്റെ റീട്വീറ്റ്. സിങ്കപ്പൂരിന്റെ ശിശു ജനന നിരക്കിലെ കുറവിനെക്കുറിച്ചും അതുവഴി രാജ്യം നേരിടുന്ന പ്രതിസന്ധിയേക്കുറിച്ചും അതിനെ മറികടക്കുന്നതിൽ റോബോട്ടിക്സിന്റെ പങ്കിനെക്കുറിച്ചുമായിരുന്നു മരിയോ നൗഫലിന്റെ പോസ്റ്റ്.

ഇതിന് മറുപടി നൽകവേയാണ് സിങ്കപ്പുർ മാത്രമല്ല സമാന പ്രതിസന്ധിയുള്ള മറ്റ് രാജ്യങ്ങളുമുണ്ടെന്ന് മസ്ക് റീ ട്വീറ്റ് ചെയ്തത്. വികസിത രാജ്യങ്ങൾ നേരിടുന്ന ജനസംഖ്യാപരമായ വെല്ലുവിളികളെക്കുറിച്ചുള്ള ആഗോള സംഭാഷണങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് മസ്കിന്റെ പ്രസ്താവന.കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിങ്കപ്പുരിന് അതിന്റെ മൊത്തം ഫെർട്ടിലിറ്റി നിരക്കിൽ കാര്യമായ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. 

2023-ലെ കണക്കുപ്രകാരം 0.97 ആണ് ടി.എഫ്.ആർ. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്. ആദ്യമായാണ് ഒന്നിന് താഴെപ്പോകുന്നതും. അതായത് രാജ്യത്ത് ഒരുകുട്ടിപോലുമില്ലാത്ത സ്ത്രീകളുടെ എണ്ണം ധാരാളമുണ്ട് എന്നാണ്. ജനസംഖ്യ നിലനിർത്താൻ ആവശ്യമായ 2.1 എന്ന നിലയിൽനിന്ന് വളരെ താഴെയാണിത്.

സാമൂഹിക മാറ്റങ്ങളും ആളുകളുടെ ചിന്താഗതിയിലുള്ള മാറ്റങ്ങളുമാണ് ഇതിനു പിന്നിൽ. എന്നാൽ റോബോട്ട് സാന്ദ്രതയിൽ സിങ്കപ്പുർ ആഗോളതലത്തിൽ രണ്ടാമതാണ്. 10,000 തൊഴിലാളികൾക്ക് 770 വ്യാവസായിക റോബോട്ടുകൾ എന്നതാണ് അവിടത്തെ കണക്ക്. ഉയർന്ന തൊഴിൽച്ചെലവും താരതമ്യേന ചെറിയ ഉത്പാദന അടിത്തറയുമായിട്ടും ഈ സാങ്കേതികവിദ്യ നിലനിർത്താനാണ് സിങ്കപ്പുർ ശ്രമിക്കുന്നത്. തൊഴിലെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതുകൊണ്ടാണ് റോബോട്ടുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത്.

എന്നാൽ സിങ്കപ്പുരിലെ കടുത്ത കുടിയേറ്റ നിയമങ്ങളാണ് ഇതിന് കാരണമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. കഴിവുള്ള തൊഴിലാളികളെ വിദേശത്തുനിന്ന് എത്തിച്ച് പ്രതിസന്ധി മറികടക്കണമെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. ഇല്ലെങ്കിൽ സാമ്പത്തിക വളർച്ച നിലനിർത്താനാകില്ലെന്നാണ് ഇവരുടെ വാദം. അതേസമയം കുട്ടികളെ വളർത്താനുള്ള ഭീമമായ ചെലവും ഉയർന്നുനിൽക്കുന്ന ജീവിത ചെലവുകളും മൂലം കുട്ടികളെ വേണ്ടെന്ന് വെയ്ക്കുന്നവരാണ് അധികവും. ഇതാണ് കാതലായ പ്രശ്നമെന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്.