കോഴിക്കോട്: വടകരയിൽ ഒൻപതു വയസുകാരി ദൃഷാനയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാറുമായി കടന്നു കളഞ്ഞ ഷജീൽ തെളിവ് നശിപ്പിക്കാൻ കാറിൽ നടത്തിയത് വലിയ അറ്റകുറ്റപണികൾ. ഗ്ലാസ്, ബമ്പർ, ബോണറ്റ്, ഹെഡ് ലൈറ്റ് തുടങ്ങിയവ മാറ്റി വെള്ള സ്വിഫ്റ്റ് കാറിൽ അടിമുടി മാറ്റങ്ങൾ വരുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബെന്നി പറഞ്ഞു. ഇവ വാങ്ങിയ കടയും ബില്ലും കണ്ടെത്തിയത് അന്വേഷണത്തിൽ നിർണ്ണായകമായതായി അന്വേഷണ സംഘം വ്യക്തമാക്കി.

അപകടത്തിൽ ബോണറ്റിനും ഡ്രൈവർ സൈഡിലെ എ പില്ലറിനും, മെയിൻ ഗ്ലാസിനുമൊക്കെ ഡാമേജ് ഉണ്ടായിരുന്നു. ഇൻഷുറൻസിനായി എടുത്ത ദൃശ്യങ്ങളെല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹൈവേയുടെ പണി നടക്കുന്നതിനാൽ ക്യാമറകൾ പലതും നീക്കം ചെയ്തിരുന്നു. അതിനാലാണ് പ്രതിയെ തിരിച്ചറിയാൻ താമസമെടുത്തത്. ഇടറോഡുകളും, വർക്ക് ഷോപ്പുകളുമടക്കം പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ഒരു കൊലക്കേസ് അന്വേഷിക്കുന്ന അതേ ഗൌരവത്തിലാണ് ഈ കേസ് അന്വേഷിച്ചതെന്നും ബെന്നി പറഞ്ഞു.

സംഭവത്തിന് ശേഷം വിദേശത്തേക്ക് തടന്ന ഷജീലിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി. കൊലപാതക കേസിനേക്കാൾ വലിയ അന്വേഷണമെന്ന് ഈ കേസിൽ പൊലീസ് നടത്തിയതെന്ന് ഡിവൈഎസ്പി ബെന്നി പറഞ്ഞു. പ്രതി ആദ്യം കുറ്റം സമ്മതിച്ചില്ലെന്നും വീട്ടുകാരാണ് അപകടം നടന്നതായി സമ്മതിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. അപകടം നടന്ന് മാസങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് തുകയുമായി ബന്ധപ്പെട്ട ഷജീല്‍ സമീപിച്ചപ്പോഴാണ് പൊലീസിന് സംശയം തോന്നിയത്. മതിലില്‍ ഇടിച്ചു എന്ന കാരണം പറഞ്ഞാണ് ഇയാള്‍ ക്ലെയിമിനായി സമീപിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷജിലിനെ പൊലീസിന് കണ്ടെത്താനായത്.