ഗുജറാത്തിലെ സൂറത്തിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകുന്ന സംഘം പിടിയിൽ. സംഘത്തിൽ നിന്ന് ബിരുദം നേടിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഡോ.രമേശ് ഗുജറാത്തിയും പിടിയിലായതായി പോലീസ് അറിയിച്ചു.

ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഎച്ച്എം) ഗുജറാത്ത് നൽകുന്ന ബിരുദങ്ങളാണ് പ്രതികൾ വാഗ്ദാനം ചെയ്തത്. ഇവരുടെ പക്കൽ നിന്ന് നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്റ്റാമ്പുകളും പോലീസ് കണ്ടെടുത്തു.

വ്യാജ ഡോക്ടർ ബിരുദമുള്ള മൂന്ന് പേർ അലോപ്പതി പ്രാക്ടീസ് ചെയ്യുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പും പോലീസും ഇവരുടെ ക്ലിനിക്കുകളിൽ റെയ്ഡ് നടത്തിയിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ ബിഇഎച്ച്എം നല്‍കിയ ബിരുദങ്ങള്‍ കാണിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ അത്തരം ബിരുദങ്ങളൊന്നും നല്‍കാത്തതിനാല്‍ ഇത് വ്യാജമാണെന്ന് പൊലീസിന് അപ്പോള്‍ തന്നെ വ്യക്തമായി. വ്യാജ വെബ്സൈറ്റില്‍ ബിരുദങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു പ്രതികള്‍ ചെയ്തിരുന്നത്.

ഇലക്ട്രോ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് മുഖ്യപ്രതിക്ക് അറിവുണ്ടായിരുന്നു. ഇതോടെ പ്രസ്തുത കോഴ്സില്‍ ബിരുദം നല്‍കുന്നതിന് ഒരു ബോര്‍ഡ് സ്ഥാപിക്കാന്‍ അദ്ദേഹം പദ്ധതിയിട്ടിരുന്നു.

എട്ടാം ക്ലാസ് തോറ്റവര്‍ക്ക് പോലും 70,000 രൂപ വീതം ഈടാക്കി മെഡിക്കല്‍ ബിരുദ സര്‍ട്ടിഫിക്കേറ്റ് നല്‍കിയിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പണം അടച്ചാല്‍ 15 ദിവസത്തിനകം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരുന്നു രീതി. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുതയുണ്ടെന്നും ഒരു വര്‍ഷത്തിന് ശേഷം 5,000 മുതല്‍ 15,000 രൂപ വരെ നല്‍കി ഇത് പുതുക്കണമെന്നുമായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്.