സ്ത്രീധന പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ബിപിന്‍ സി ബാബു ഹൈക്കോടതിയില്‍. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വാസ്തവവിരുദ്ധമാണെന്നും ബിപിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. സി പി എം വിട്ടതിന്റെ പകപോക്കലിന്റെ ഭാഗമാണ് പരാതിയെന്നും ബിപിന്‍ ആരോപിച്ചു.

മുൻഭാര്യ നല്‍കിയ സ്ത്രീധന പീഡന പരാതിയിൽ കായംകുളം കരീലക്കുളങ്ങര പോലീസാണ് ബിപിനെതിരെകേസെടുത്തത്. സി പി എം കായംകുളം ഏരിയാ കമ്മിറ്റി അംഗമായ അമ്മ പ്രസന്ന കുമാരി കേസില്‍ രണ്ടാം പ്രതിയാണ്.

തന്റെ പിതാവിൽ നിന്ന് വിപിൻ സി ബാബു 10 ലക്ഷം രൂപ സ്ത്രീധനം വാങ്ങിയെന്നും കൂടുതല്‍ സ്ത്രീധനം ചോദിച്ച് ശാരീരികമായി ഉപദ്രവിച്ചെന്നും കാണിച്ച് ഭാര്യ മിനിസ കഴിഞ്ഞ ദിവസമാണ് പൊലീസിൽ പരാതി നൽകിയത്. കരണത്ത് അടിച്ചു, അയൺ ബോക്സ് ഉപയോഗിച്ച് അടിക്കാൻ ശ്രമിച്ചു, പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് മർദ്ദിച്ചുവെന്നതടക്കമുള്ള ഗുരുതരമായ ആരോപങ്ങളാണ് പരാതിയിലുള്ളത്. കേസിൽ ബിപിൻ സി ബാബു ഒന്നാം പ്രതിയും അമ്മ പ്രസന്നകുമാരി രണ്ടാം പ്രതിയുമാണ്. 

ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിടുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്. പാർട്ടി കുടുംബത്തിൽപ്പെട്ട നേതാവാണ് സിപിഎം വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ബിപിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.