മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നു. ബിജെപി നിയമസഭാ കക്ഷിയോഗം നാളെ വൈകുന്നേരം ചേർന്നുകഴിഞ്ഞാലുടൻ മുഖ്യമന്ത്രിക്കസേരയിൽ ഔദ്യോഗിക തീരുമാനമുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.
പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിന് നടക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിനായി മുംബൈയിലെ ആസാദ് മൈദാനിൽ കൂറ്റൻ വേദിയും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മഹായുതി സഖ്യത്തിലെ മൂന്ന് കക്ഷികളുടെയും നേതാക്കൾ നാളെത്തന്നെ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അനുമതി തേടിയേക്കും. നിലവിൽ മൂന്ന് പാർട്ടികളുടെയും നേതാക്കളായ ദേവേന്ദ്ര ഫഡ്നാവിസും, ഏക്നാഥ് ഷിൻഡെയും, അജിത് പവാറും മൂന്ന് സ്ഥലത്താണുള്ളത്.
ഫഡ്നാവിസ് തന്നെയാകും മുഖ്യമന്ത്രി എന്ന് ബിജെപി ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും അവസാന ദിവസങ്ങളിൽ ഏക്നാഥ് ഷിൻഡെ പൊടുന്നനെ ചർച്ചകളിൽ നിന്ന് അപ്രത്യക്ഷനായത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു.അനാരോഗ്യം കാരണം മാറിനിന്നതെന്ന് പിന്നീട് വിശദീകരിച്ചെങ്കിലും ഷിണ്ഡെയ്ക്ക് മറ്റെന്തെങ്കിലും പദ്ധതിയുണ്ടോ എന്ന സാധ്യതയും ബിജെപി തള്ളിക്കളഞ്ഞിട്ടില്ല. നാളെ ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടേക്കും. യോഗത്തിൽ നിരീക്ഷകരായി കേന്ദ്രമന്ത്രി നിർമല സീതാരാമനെയും ബിജെപി നേതാവ് വിജയ് രൂപാണിയേയും കേന്ദ്രനേതൃത്വം നിയോഗിച്ചിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിന്റെ ദിനം അടുക്കുമ്പോൾ ഏക്നാഥ് ഷിൻഡെയെ ഉയർത്തിക്കാട്ടിയുള്ള ഷിൻഡെ സേനാ നേതാക്കളുടെ പ്രചാരണവും തകൃതിയായി നടക്കുകയാണ്. ഷിൻഡെയുടെ പ്രവർത്തനങ്ങളും നേതൃഗുണവും കൂടി ഉള്ളതുകൊണ്ടാണ് സഖ്യം തിരഞ്ഞെടുപ്പ് ജയിച്ചതെന്ന് വിവിധ സേനാ നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിൽ നിരന്തരം ഉയർന്നുവരുന്ന അഭിപ്രായപ്രകടനങ്ങൾ ഷിൻഡെ ക്യാമ്പിന്റെ സമ്മർദ്ദതന്ത്രമാണ് എന്നാണ് ബിജെപിയുടെ വിലയിരുത്തൽ.



