പള്ളിത്തര്‍ക്ക കേസില്‍ ആറു പള്ളികളുടെ ഭരണനിര്‍വ്വഹണം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണമെന്നും ഇക്കാര്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വിശദ വാദം പിന്നീട് കേള്‍ക്കാമെന്നും കോടതി അറിയിച്ചു.

യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സൗഹൃദപരമായി പ്രശ്‌നം തീര്‍ക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

സര്‍ക്കാര്‍ ഇടപെടല്‍ അവസാന മാര്‍ഗമാണ്. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതിരിക്കാന്‍ ആണ് കോടതി താല്‍പര്യപ്പെടുന്നത്. എല്ലാവര്‍ക്കും ഒന്നിച്ച് നല്ലൊരു ക്രിസ്തുമസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും കോടതി പറഞ്ഞു.