സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട ജില്ലയിലെ നിലവിലെ യെല്ലോ അലർട്ട് (ശക്തമായ മഴ) ഓറഞ്ച് അലർട്ട് (അതിശക്തമായ മഴ) ആയി  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തി. അതേസമയം വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ (02-12-2024) റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 204.4mm യിൽ കൂടുതൽ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഡിസംബർ 2ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 115.6mm  മുതൽ 204.4mm വരെ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.