ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ 2: ദ റൂൾ’ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആകാംക്ഷയുടെ പരകോടിയിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിംഗ്  ആരംഭിച്ചു. ഡിസംബർ അഞ്ചിന് വേള്‍ഡ് വൈഡ് റിലീസാവുന്ന ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിംഗ് കേരളത്തിൽ  ഇന്ന് മുതൽ ആരംഭിച്ചു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ലോകം മുഴുവനുമായി പന്ത്രണ്ടായിരത്തിലേറെ സ്ക്രീനുകളിലും ഐമാക്സിലും ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. 

 ‘പുഷ്പ ഇനി നാഷണല്ല, ഇന്‍റർനാഷണൽ!’ എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നു കഴിഞ്ഞിട്ടുണ്ട്. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവരയിടുന്നതായിരുന്നു ട്രെയിലർ. പുഷ്പരാജായി അല്ലു അർജ്ജുനും ഭൻവർസിംഗ് ഷെഗാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിൽ പൂണ്ടുവിളയാടിയിട്ടുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. ശ്രീവല്ലിയായി രശ്മികയുടേയും മനോഹരമായ അഭിനയമുഹൂർത്തങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ടെന്നാണ് സൂചന. 

‘പുഷ്പ ദ റൂളി’നായുള്ള കാത്തിരിപ്പിന് ആവേശം ഇരട്ടിപ്പിക്കാനുള്ളതെല്ലാം ട്രെയിലറിൽ ഉണ്ടായിരുന്നു. കുറിക്കുകൊള്ളുന്ന മാസ് ഡയലോഗുകളും കളർഫുൾ ദൃശ്യമികവും മാസ്മരിക സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ വിരുന്നും എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള കംപ്ലീറ്റ് പാക്കേജായിരിക്കും രണ്ടാം ഭാഗമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ.