ഷാഹി ജുമാ മസ്ജിദ് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് യുപി സർക്കാർ ഉത്തരവിട്ടു. ഷാഹി ജുമാ മസ്ജിദിൻ്റെ സർവേയെ തുടർന്ന് സംഭാലിൽ നടന്ന പ്രതിഷേധ സമരങ്ങൾക്കിടെ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഇതേതുടർന്നാണ് യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് പ്രകാരം, റിട്ടയേർഡ് ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിക്കാണ് അന്വേഷണ ചുമതല.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരാണ് സമിതിയിലെ മറ്റ് രണ്ട് അംഗങ്ങൾ.
രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയോട് നിർദേശിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് സമിതി രൂപീകരിക്കാനുള്ള ഉത്തരവ് ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ചത്. അതേസമയം ജുമാ മസ്ജിദ് വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.



