ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. ഡി സി മാപ്പ് പറയണമെന്നാണ് ഇ പിയുടെ ആവശ്യം. അഡ്വ. കെ വിശ്വൻ മുഖേന ഡിസി ബുക്സ് സിഇഒയ്ക്കാണ് നോട്ടീസ് അയച്ചത്. 

‘ഉപതിരഞ്ഞെടുപ്പ് ദിവസം ആത്മകഥയുടെ ഭാ​ഗങ്ങൾ എന്നുപറഞ്ഞ് പുറത്തുവിട്ടത് ഡിസി ബുക്സ് ആണ്. തൻ്റെ കക്ഷിയുടെ ആത്മകഥ പൂർത്തിയായിട്ടില്ല. ദുഷ്ടലാക്കോടുകൂടി ഉപതിരഞ്ഞെടുപ്പ് ദിവസംതന്നെ പ്രചരിപ്പിച്ചതും സമൂഹമധ്യത്തിൽ തൻ്റെ കക്ഷിയെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ്. ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികൾക്ക് പ്രചാരണ ആയുധം നൽകുന്നതിനുവേണ്ടിയാണിത്. 

അതിനാൽ വക്കീൽ നോട്ടീസ് കിട്ടിയാല്‍ ഉടനെ ഡി സി ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥ എന്നുള്ള ഭാ​ഗങ്ങളും പിൻവലിച്ച് മാപ്പുപറയണം. അല്ലെങ്കിൽ സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കും’ എന്നാണ് നോട്ടീസിൽ പറയുന്നത്. ഇ പി വക്കീൽ നോട്ടീസ് അയച്ച സാഹചര്യത്തിൽ, ഇനി ഡിസി ബുക്സിൻ്റെ  വിശദീകരണം എന്തായിരിക്കും എന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.