ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെ തള്ളി ഇപി ജയരാജൻ രംഗത്ത്. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകിയതായും ജയരജൻ വ്യക്തമാക്കുന്നു. വിവാദം ആസൂത്രിതമാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചാണ് അദ്ദേഹം എത്തിയത്. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്ന അജണ്ടയുടെ പുറത്താണ് ഇപ്പോൾ ആത്മകഥാ വിവാദം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരം വിവാദങ്ങൾക്കായി എടുക്കുകയാണ്. ഇതേപോലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഘട്ടത്തിലും ഒന്നരകൊല്ലം മുൻപ് നടന്ന വിഷയം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻശ്രമിച്ചു. വളരെ ആസൂത്രിതമായ ശ്രമമാണ് ഇതിന് പിന്നിൽ നടക്കുന്നത്. ഇപ്പോൾ ആത്മകഥയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളും വസ്തുതാ വിരുദ്ധമാണ്. തൻ്റെ പുസ്തകം പ്രസിദ്ധീകരിക്കാൻ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡിസി ബുക്ക്സിന് പിന്നെ എങ്ങനെയാണ് പ്രകാശനച്ചടങ്ങ് നടത്താൻ സാധിക്കുക.
ഈ വിഷയം ബോധപൂർവം ഉണ്ടാക്കിയതാണെന്ന് പറയേണ്ട ആവശ്യമില്ല. ഡിസി ബുക്ക്സിന് യാതൊന്നും ഞാൻ കൈമാറിയിട്ടില്ല. ഇന്ന് രാവിലെ മാധ്യമങ്ങളിലൂടെയാണ് പുസ്തക പ്രകാശനത്തിൻ്റെ വിവരങ്ങൾ അറിയുന്നത്. ഇതുവരെ എഴുതിത്തീരാത്ത പുസ്തകം ഇവർ എങ്ങനെ പ്രസിദ്ധീകരിക്കും. എൻ്റെ പുസ്തകം പ്രകാശനം ചെയ്യുമ്പോൾ ഞാനല്ലേ അതെല്ലാവരേയും അറിയിക്കേണ്ടത്. അതുകൊണ്ടുതന്നെ വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണം. അതിനാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.



